ലോകത്തിലെ ഏറ്റവും പുരാതനമായ രണ്ട് നാഗരികതകളാണ് ഇന്ത്യയും ഈജിപ്തും. ഇരു രാജ്യങ്ങളും പുരാതന കാലം മുതൽക്കെ അടുത്ത ബന്ധം പുലർത്തിയിരുന്നു. 1955-ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടി ആരംഭിച്ചത്. പ്രാദേശിക,ആഗോള, ഉഭയകക്ഷി, സഹകരണ മേഖലകളെ കേന്ദ്രീകരിച്ചാണ് ഉടമ്പടികൾക്ക് തുടക്കം കുറിക്കുന്നത്. ഇന്ത്യയും ഈജിപ്തും ദൃഢമായ രാഷ്‌ട്രീയധാരണയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇരു രാജ്യങ്ങളും ബഹുമുഖ വേദികളിൽ അടുത്ത് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. നിരവധി ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇന്ത്യയും ഈജിപ്തും നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വർഷമാണ് 2023. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങൾക്കും ഏറെ പ്രധാനപ്പെട്ട വർഷമാണിത്.
ഇന്ത്യ -ഈജിപ്ത് ഉഭയകക്ഷി വ്യാപാര കരാർ 1978 മാർച്ച് മുതലാണ് പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉഭയകക്ഷി വ്യാപാരത്തിൽ അഞ്ച് മടങ്ങിലധികം വർദ്ധനവാണ് ഉണ്ടായത്. കൊറോണ മഹാമാരി കാലത്തും വ്യാപര മേഖലയിൽ ഉണർവ് സൃഷ്ടിക്കാൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞുവെന്നത് ശ്രദ്ധേയമായ നേട്ടമായിരുന്നു. ഇന്ത്യയിലേക്കുള്ള ഈജിപ്തിന്റെ കയറ്റുമതി 1.89 ബില്യൺ യുഎസ് ഡോളറും ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി 2.26 ബില്യൺ യുഎസ് ഡോളറുമാണ്.
സാങ്കേതിക സഹകരണവും സഹായവും നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന ഭാഗമാണ്. 2000 മുതൽ, 1,250-ലധികം ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ ടെക്‌നിക്കൽ ആന്റ് ഇക്കണോമിക് കോ-ഓപ്പറേഷൻ (ഐടിഇസി) ,ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ), ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫോറൻസിക് സയൻസസ് (ഐഎഎഫ്എസ്) തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ആനൂകുല്യം ലഭിച്ചുവരുന്നുണ്ട്. ശാസ്ത്രീയ സഹകരണ മേഖലയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) കാർഷിക ഗവേഷണ മേഖലയിൽ ഈജിപ്തിലെ കാർഷിക ഗവേഷണ കേന്ദ്രം എന്നിവ പ്രവർത്തിക്കുന്നുണ്ട്. സിഎസ്‌ഐആർ (ഇന്ത്യ), എൻആർസി (ഈജിപ്ത്) എന്നിവയ്‌ക്കിടയിലുള്ള ദ്വിവത്സര എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകളിലൂടെയും ശാസ്ത്രീയ സഹകരണ പരിപാടിയിലൂടെയും ‘ സയൻസ് & ടെക്‌നോളജി’ സഹകരണം നടപ്പിലാക്കുന്നു.
1960-കൾ മുതൽ ഇരു രാജ്യങ്ങൾ തമ്മിൽ സൈനിക ബന്ധങ്ങളും നിലനിൽക്കുന്നു. ഈജിപ്ഷ്യൻ പൈലറ്റുമാർക്ക് 1984 വരെ ഇന്ത്യൻ വ്യോമസേന പൈലറ്റുമാർ പരിശീലനം നൽകിയിരുന്നു. 2019-ൽ പൂനെയിൽ നടന്ന രാജ്യങ്ങൾക്കായുള്ള പരിശീലനത്തിൽ ഈജിപ്ത് പങ്കെടുത്തിരുന്നു. തന്ത്രപരമായ ആദ്യത്തെ ഐഎഎഫ്-ഇഎഎഫ് സംയുക്ത വ്യോമാഭ്യാസം 2021-ൽ നടക്കുകയുണ്ടായി. ഇന്ത്യയും ഈജിപ്റ്റും സംയുക്തമായി നടത്താനിരുന്ന ആദ്യത്തെ പ്രത്യേക സേനാ അഭ്യാസം ‘ സെക്ലോൺ 1 ‘ ഉടൻ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി മൗലാന ആസാദ് സെന്റർ ഫോർ ഇന്ത്യൻ കൾച്ചർ ഹിന്ദി, ഉറുദു ഭാഷകളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സെമിനാറുകൾ, ഫിലിം ഷോകൾ എന്നിവയ്‌ക്കു പുറമെ പ്രാദേശിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ വിവിധ പ്രദർശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ആറ് പതിറ്റാണ്ടായുള്ള എംബസിയുടെ മുൻനിര അറബി മാസികയായ ‘സൗത്ത്-ഉൽ-ഹിന്ദ്’, 2017 ജൂലൈയിൽ അതിന്റെ 500-ാം പതിപ്പ് പ്രസിദ്ധീകരിച്ച് നാഴികക്കല്ലായി മാറിയിരുന്നു.
ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം അടയാളപ്പെടുത്തുന്നതിനാൽ 2023-ന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ത്യയിൽനിന്നും തേജസ്, ആകാശ് തുടങ്ങിയ അത്യാധുനിക ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകൾ വാങ്ങാൻ ഈജിപ്ത് താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ചർച്ചയാകുന്നുണ്ട്. കൂടുതൽ ചർച്ചകൾക്കായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) ഉദ്യോഗസ്ഥർ ഈജിപ്തുകാരുമായി ബന്ധപ്പെട്ടുവരികയാണ്.
Comments