വൈറലാകാൻ വിഷ പാമ്പിനൊപ്പം സെൽഫിയെടുത്ത യുവാവിന് ദാരുണാന്ത്യം. ആന്ധ്ര പ്രദേശിലെ നെല്ലൂരിലാണ് സംഭവം. പ്രകാശം ജില്ലയിലെ തല്ലൂർ സ്വദേശി 32-കാരൻ മണികണ്ഠ റെഡ്ഢിയാണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് സംഭവം.പ്രദേശത്ത് ജ്യൂസ് കട നടത്തി വരുകയാണ് മണികണ്ഠ റെഢി. പാമ്പുകളുമായി പാമ്പാട്ടി ഇയാളുടെ കടയിലെത്തുകയായിരുന്നു. തന്റെ കൈവശം പാമ്പുകളുണ്ടെന്നും ഇവ നിരുപദ്രവകാരമാംണെന്നും പാമ്പാട്ടി യുവാവിനോട് പറഞ്ഞു. ഇതോടെ പാമ്പിനൊപ്പം സെൽഫിയെടുക്കാൻ അനുവദിക്കണമെന്ന് മണികണ്ഠ റെഢി പാമ്പാട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്റെ കഴുത്തിൽ പാമ്പിനെ ചുറ്റിയാണ് മണികണ്ഠ സെൽഫിയെടുത്തത്. പക്ഷേ പാമ്പിനെ ശരീരത്തിൽ നിന്ന് എടുക്കാൻ ശ്രമിക്കുന്നതിനിടെ കൈയിൽ കടിയേൽക്കുകയായിരുന്നു.
കൈയിൽ കടിയേറ്റതിന് കുറിച്ച് മണികണ്ഠ റെഢി പാമ്പാട്ടിയോട് പറഞ്ഞെങ്കിലും പേടിക്കാനില്ലെന്നും വിഷം ഇല്ലാത്ത പാമ്പാണ് കടിച്ചതെന്നുമായിരുന്നു വിശദീകരണം. തുടർന്ന് നാട്ടുകാർ ഇയാളെ ഓങ്ങല്ലൂർ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സംഭവത്തിന് പിറ്റേന്ന് ചികിത്സയിലിരിക്കവേ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments