മലപ്പുറം: വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം തൃപ്രങ്ങോട് സ്വദേശിയായ ചോലായി നദീർ(26) ആണ് അറസ്റ്റിലായത്. മദ്രസയിലെ വിദ്യാർത്ഥിനിയോട് അടുപ്പം കാണിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു ഇയാൾ. തിരൂർ പൊലീസാണ് നദീറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
അരൂരിലും വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിലായിരുന്നു. ചന്തിരൂരിലെ മദ്രസയിൽ നടന്ന സംഭവത്തിലാണ് അരുക്കുറ്റി സ്വദേശിയും മദ്രസ അദ്ധ്യാപകനുമായ മുഹമ്മദ് (62) പിടിയിലായത്. വിദ്യാർത്ഥിനിയെ ഒരു മാസത്തോളം ലൈംഗികമായി ഇയാൾ പീഡിപ്പിച്ചു. പ്രതി കൂടുതൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അതേസമയം, കഴിഞ്ഞ വർഷം അവസാനമാണ് ആറ് വയസുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് 62 വർഷം കഠിന തടവ് വിധിച്ചത്. മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുൾ ഹക്കീമിനാണ് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകാനും കോടതി നിർദേശിച്ചിരുന്നു.
Comments