വാഷിംഗ്ടൺ: ബ്ലൂ ഒറിജിൻ കമ്പനി സ്ഥാപകനായ ജെഫ് ബെസോസിന്റെ പങ്കാളി ലോറൻ സാഞ്ചസ് ബഹിരാകാശയാത്രക്കായി തയ്യാറെടുക്കുന്നു. ലോകത്ത് മാറ്റമുണ്ടാക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്കുള്ള സന്ദേശമായിരിക്കും ഈ യാത്രയെന്നും, സഹയാത്രികരുടെ പേരും യാത്ര ചെയ്യാനുദ്ദേശിക്കുന്ന തീയതിയും ഉടൻ വെളിപ്പെടുത്തുമെന്നും ലോറൻ അഭിമുഖത്തിൽ അറിയിച്ചു. 2024-ന്റെ തുടക്കത്തിലാകും ബഹിരാകാശയാത്ര എന്നാണ് വിവരം. യാത്രയിൽ ലോറൻ സാഞ്ചസിനോടൊപ്പം ഒരു സംഘം സ്ത്രീകളുമുണ്ടാകും.
53 കാരിയായ ലോറൻ അമേരിക്കയിലെ മാദ്ധ്യമ പ്രവർത്തന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. എന്നാൽ ഇപ്പോൾ പ്രമുഖ മദ്ധ്യമപ്രവർത്തക മാത്രമല്ല, ബ്ലാക്ക് ഓപ്‌സ് ഏവിയേഷന്റെ സ്ഥാപകയും ലൈസൻസുള്ള ഹെലികോപ്റ്റർ പൈലറ്റ് കൂടിയാണ്. വാൾസ്ട്രീറ്റ് ജേണലിനു നൽകിയ അഭിമുഖത്തിലാണ് തന്റെ ബഹിരാകാശയാത്ര സംബന്ധിച്ച സൂചനകൾ നൽകിയത്.
എന്നാൽ, പങ്കാളി ജെഫ് ബെസോസ് യാത്രയിൽ തന്നോടൊപ്പം കാണില്ലെന്നും ബഹിരാകാശയാത്ര ചെയ്യാനുള്ള എല്ലാ സഹായവും ചെയ്യുമെന്നും അവർ കൂട്ടി ചേർത്തു. 2021-ജൂലൈയിലാണ് ജെഫ് ബെസോസ് ബഹിരാകാശ യാത്ര നടത്തിയത്. സ്വന്തം ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപേഡ് പേടകത്തിൽ 10 മിനിറ്റ് കൊണ്ട് അതിവേഗ യാത്രയാണ് ജെഫ് ബെസോസ് നടത്തിയത്. വെസ്റ്റ് ടെക്സസിലെ സ്‌പേസ് പോർട്ടിൽ നിന്നാണ് പേടകം വിക്ഷേപിച്ചത്. ബഹിരാകാശത്തിന്റെ പരമ്പരാഗത അതിർത്തിയായ കാർമാൻ രേഖ കടന്നാണ് പേടകം തിരികെ എത്തിയത്.
Comments