ന്യൂഡൽഹി : എൻസിസിയുടെ 75-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്ത് സംസാരിക്കും. ഡൽഹിയിലെ കാരിയപ്പ പരേഡ് ഗ്രൗണ്ടിലാണ് റാലി നടക്കുക.
എൻസിസി രൂപീകരിച്ചിട്ട് ഈ വർഷം 75 വർഷം പിന്നിടുകയാണ്. ഇന്ന് വൈകുന്നേരം നടക്കുന്ന ആഘോഷ ചടങ്ങിൽ പ്രധാനമന്ത്രി എൻസിസിയുടെ 75-ാം വാർഷികം എന്ന് ആലേഖനം ചെയ്ത 75 രൂപ നാണയം പുറത്തിറക്കും. പ്രത്യേകം തയ്യാറാക്കിയ പോസ്റ്റൽ കവർ പ്രധാനമന്ത്രി പ്രകാശനം ചെയ്യും.
19 രാജ്യങ്ങളിൽ നിന്നായി 196 ഉദ്യോഗസ്ഥരും കാഡേറ്റ്സും ആഘോഷങ്ങളിൽ പങ്കെടുക്കും. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന പ്രമേയത്തിൽ സാസ്കാരിക പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
1948-ലാണ് എൻസിസി രൂപീകരിക്കുന്നത്. 1917-ലെ ഇന്ത്യൻ ഡിഫൻസ് ആക്ട് പ്രകാരമാണ് യൂണിവേഴ്സിറ്റി കോർപ്സ് എന്ന നിലയിൽ എൻസിസി നിലവിൽ വരുന്നത്. ഇന്ത്യൻ സായുധ സേനയുടെ ഭാഗമായ എൻസിസിയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്. ഐക്യവും അച്ചടക്കവും എന്ന ആപ്തവാക്യത്തിലാണ് എൻസിസി പ്രവർത്തിക്കുന്നത്.
Comments