ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി തന്നെ വധിക്കാൻ തീവ്രവാദികൾക്ക് പണം നൽകിയെന്ന ആരോപണവുമായി ഇമ്രാൻ ഖാൻ. ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ നടന്ന വെർച്വൽ വാർത്താ സമ്മേളനത്തിലാണ് ഇമ്രാൻ ഖാൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.
“സർദാരി തീവ്രവാദ പ്രവർത്തനങ്ങൾക്കായി ധാരാളം പണം വിനയോഗിക്കുന്നുണ്ട്. തന്നെ ഇല്ലാതാക്കാൻ സർക്കാരിനും പണം നൽകുന്നുണ്ട്. കൂടാതെ, സിന്ധ് സർക്കാരെ മുൻ നിർത്തി അഴിമതി പണത്തിലൂടെ അടുത്ത തിരഞ്ഞെടുപ്പ് വിജയിക്കാനും പദ്ധതിയുണ്ട്”- ഇമ്രാൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മുമ്പ് ഒരു പൊതു സമ്മേളനത്തിൽ തന്നെ വധിക്കാൻ ചിലർ ശ്രമിച്ചിരുന്നു. എന്നാൽ താൻ ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞതും അവർ അന്ന് പിന്മാറിയെന്നും ഇമ്രാൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
വീണ്ടും സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഇമ്രാന്റെ വാർത്താ സമ്മേളനം. ലാഹോറിലെ വസതിയിലെ അധിക സുരക്ഷ പാക് സർക്കാർ പിൻ വലിച്ചതിന് പിന്നാലെയാണ് ആരോപണവുമായി രംഗത്ത് വന്നത്. മുമ്പ് ഇമ്രാന്റെ വസതിയിൽ 275 പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്.
കഴിഞ്ഞ നവംബറിൽ ഇമ്രാൻഖാനെ വധിക്കാൻ ചിലർ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെടിയേറ്റത്. ഗുജ്‌റങ് വാലിയിൽ നിന്ന് രാജ്യതലസ്ഥാനത്തിലേക്കുള്ള ലോങ്മാർച്ചിനിടെയാണ് വെടിയേറ്റത്. റാലി വസീറാബാദിലെ സഫർ അലിഖാൻ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം.
Comments