പാലക്കാട്: ദയയോ കൃപയോ അല്ല കടമയാണ് സേവനമെന്ന് ആർഎസ്എസ് അഖില ഭാരതീയ സഹ സേവാ പ്രമുഖ് രാജ്കുമാർ മഠാലെ. സാമൂഹികവും സാമ്പത്തികവും ജാതീയവുമായി അവഗണിക്കപ്പെട്ടവരെ ചേർത്തുനിർത്തി വേണം സേവന പ്രവർത്തനങ്ങൾ ചെയ്യാൻ എന്നും മഠാലെ പറഞ്ഞു. ജാതിയമായി, സാമ്പത്തികമായി അവഗണിക്കപ്പെട്ടവർ, ട്രാൻസ് ജെന്ററുകൾ, കുഷ്ഠരോഗികൾ, ദിവ്യാംഗർ, ലൈംഗിക തൊഴിലാളികൽ, നാടോടികൾ തുടങ്ങീ സമൂഹം മാറ്റി നിർത്തിയവരെ എല്ലാം ചേർത്തുനിർത്താനും സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് സേവാഭാരതി ഊന്നൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് ദേശീയ സേവാഭാരതി സേവാ സംഗമം സമാപനസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവനം ഭാരതിയനെ പഠിപ്പിക്കേണ്ട കര്യമില്ലെന്നും ആത്മിയമായ ചിന്തയാണ് അതെന്നും രാഷ്‌ട്രീയ സേവാഭാരതി അധ്യക്ഷൻ പന്നലാൽ ബൻസാലി പറഞ്ഞു. വനവാസി ജനങ്ങളിലേക്ക് ഉൾപ്പെടെ സേവനം എത്തണമെന്നും കേരളത്തിൽ 1000 ബസ്തിയിൽ പ്രവർത്തനം എത്തിക്കാൻ സേവാഭാരതിക്ക് കഴിയണമെന്നും മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ഡോ.രഞ്ജിത്ത് വിജയഹരി അധ്യക്ഷത വഹിച്ച പരിപാടിയിൽ ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ ഭാവി പരിപാടികൾ വിവരിച്ചു. ചടങ്ങിൽ കലാമണ്ഡലം ഷീബ കൃഷ്ണ കുമാർ, പാചകവിദഗ്ധൻ ഗണേഷ് സ്വാമി എന്നിവർക്ക് സ്‌നേഹാദരം നൽകി. രാഷ്‌ട്രീയ സേവാഭാരതി ദേശീയ ഉപാധ്യക്ഷ അമിതാ ജെയിൻ, ആർഎസ്എസ് സഹ സേവാ പ്രമുഖ യു.എൻ.ഹരിദാസ്, ദേശീയ സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡി.വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.
രണ്ടുദിവസം നീണ്ടുനിന്ന സേവാഭാരതിയുടെ സേവാ സംഗമം ഇതോടെ സമാപിച്ചു. 28-ാം തിയതി സ്വാമി ചിദാനന്ദപുരിയായിരുന്നു സംഗമം ഉദ്ഘാടനം ചെയ്തത്. ആർഎസ്എസ് സഹ സർകാര്യവാഹ് ഡോ. കൃഷ്ണ ഗോപാൽ ഉൾപ്പെടെ പങ്കെടുത്തു. തുടർന്ന് വിവിധ ജില്ലകളിൽ നിന്ന് എത്തിയ സേവാ പ്രവർത്തകർക്ക് സേവനരംഗത്ത് പ്രവർത്തിക്കുന്നതിനുള്ള വിവിധ പരിശീലനങ്ങൾ നൽകി. പ്രളയത്തിലും കൊറോണയിലും ഉൾപ്പെടെ സ്വന്തം ജീവൻ പണയം വെച്ച് സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് സധൈര്യം മുന്നോട്ട് പോകുന്നതിനും, പുതിയകാലത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനും പ്രാപ്തമാക്കുന്നതായിരുന്നു പരിശീലനങ്ങൾ.
Comments