ഡെറാഡൂൺ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉത്തരാഖണ്ഡിൽ 50,000 പോളി ഹൗസുകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. പോളി ഹൗസുകളുടെ നിർമ്മാണം ഉത്തരാഖണ്ഡിലെ കർഷകർക്ക് വലിയ തോതിൽ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിന്റെ (നബാർഡ്) സഹായത്തോടെയാണ് സംസ്ഥാന സർക്കാർ പോളി ഹൗസുകൾ നിർമ്മിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കർഷകർക്കായി പോളി ഹൗസ് നിർമ്മിക്കാനുള്ള സർക്കാരിന്റെ പദ്ധതി മികച്ചതാണ്. തന്റെ ഔദ്യോഗിക വസതിയിൽ പോളി ഹൗസ് ഉണ്ട്. അവിടുത്തെ പച്ചക്കറികൾ ജൈവകൃഷിയിൽ വിളയിച്ചതാണ്. ഈ പച്ചക്കറികൾ വളർത്തുന്നതിന് കീടനാശിനികൾ ഉപയോഗിക്കുന്നില്ല. രാസവളങ്ങളും, കൃത്രിമ രാസ കീടനാശിനികളും തീർത്തും ഒഴിവാക്കിയുള്ള കൃഷിയായതുകൊണ്ട് തന്നെ മണ്ണിന്റെയും മനുഷ്യന്റെയും ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉല്പാദന രീതിയാണ് ഇത്. നമ്മുക്ക് ഒരു തരത്തിലുമുള്ള ദോഷഫലങ്ങളും ഉണ്ടാക്കുന്നില്ലെന്നും ധാമി കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ വർഷം ഇന്ത്യ 4.78 ലക്ഷം ഹെക്ടർ ഭൂമി ജൈവകൃഷിയ്ക്ക് കീഴിൽ കൊണ്ടുവന്നതായി കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്, 1,584 കോടി രൂപ ചെലവിൽ ഒരു പ്രത്യേക പദ്ധതിയായി കേന്ദ്ര സർക്കാർ നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് അംഗീകരിച്ചെന്നും തോമർ കൂട്ടിചേർത്തു. സുസ്ഥിര കൃഷിക്ക് വേണ്ടിയുള്ള സോയിൽ ഹെൽത്ത് മാനേജ്മെന്റ് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോളി ഹൗസുകൾ എന്നാൽ വിളകൾക്ക് അനുയോജ്യമായ തരത്തിൽ കാലാവസ്ഥ പ്രയോജനപ്പെടുത്തി കൃഷി ചെയ്യുന്ന ആധുനിക രീതിയാണ്. കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതൽ വിളവെടുക്കാൻ ഈ കൃഷിരീതിയിലൂടെ സാധിക്കും. ഗ്രീൻ ഹൗസ് ഫാമിംഗ് എന്നും അറിയപ്പെടുന്നു. ഈ രീതിയിലൂടെ ചൂട്, മഴ, തണുപ്പ്, വെയിൽ എന്നിവയിൽ നിന്നൊക്കെ ചെടിയെ സംരക്ഷിച്ച് വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ജി.ഐ. പൈപ്പുകളും, പോളിത്തിൻ ഷീറ്റുകളുമുപയോഗിച്ചാണ് പ്രധാനമായും ഇവ നിർമ്മിക്കുന്നത്.
പോളി ഹൗസുകളിൽ ഹരിതഗൃഹപ്രവാഹത്തിന്റെ തത്ത്വം തന്നെയാണ് ഉപയോഗിക്കുന്നത്. ശൈത്യമേഖലകളിൽ തണുപ്പിനെ തരണം ചെയ്യുന്ന വിധം രൂപപ്പെടുത്തിയ സംരക്ഷിത കൃഷിരീതിയുടെ ഭാഗമാണ് പോളി ഹൗസുകൾ. അന്തരിക്ഷ താപനിലയെക്കാളും 5 മുതൽ 10 ഡിഗ്രി സെൽഷ്യസ് വർദ്ധനവ് പോളിഹൗസുകളിൽ കാണപ്പെടുന്നു. പോളിഹൗസിന്റെ നിർമ്മാണരീതിക്കനുസരിച്ച് ചെലവും വ്യത്യാസപ്പെടുന്നു. ഗ്ലാസ് മുതൽ പോളിത്തിൻ ഷീറ്റുകൾ വരെ പോളിഹൗസ് നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ഉഷ്ണമേഖലകളിൽ പ്രധാനമായും പോളിത്തിൻ ഷീറ്റുകളാണ് ഉപയോഗിച്ച് വരുന്നത്. ഇവ നിർമ്മാണചെലവും കുറയ്ക്കുന്നു. പച്ചക്കറി കൃഷിയും, പുഷ്പ്പങ്ങളുടെ കൃഷിയുമാണ് പോളിഹൗസുകളിൽ പ്രധാനമായും ചെയ്യുന്നത്.
Comments