ഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ സംരംഭങ്ങളുടെ ഫലമായി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ആറ് മടങ്ങ് വർദ്ധിച്ചുവെന്ന് പ്രസിഡന്റ് ദ്രൗപദി മുർമു. ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ ഭാഗമായതിൽ താൻ അഭിമാനിക്കുന്നുവെന്നും സൈന്യത്തിന് ആവശ്യമായ ഉപകരണങ്ങളുടെ വികസനത്തിലും നിർമ്മാണത്തിലും ഇന്ത്യ സ്വയം പര്യാപ്തത കൈവരിച്ചെന്നും പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ ദ്രൗപദി മുർമു പറഞ്ഞു.
‘ആത്മനിർഭർ’പ്രതിരോധ മേഖലയിൽ ഗവൺമെന്റ് വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും, യുദ്ധവിമാനങ്ങളുടെയും, യുദ്ധക്കപ്പലുകളുടെയും, സൈന്യത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങളുടെയും വികസനത്തിലും നിർമ്മാണത്തിലും ഇന്ത്യ സ്വയം പര്യാപ്തമാണെന്ന് ഉറപ്പാക്കുകയാണ് സർക്കാർ. ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കഴിഞ്ഞു. ഇതിൽ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു. മാത്രമല്ല, നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ സംരംഭങ്ങളുടെ ഫലമായി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ആറ് മടങ്ങ് വർദ്ധിച്ചു’ എന്നാണ് ദ്രൗപദി മുർമു പറഞ്ഞത്.
ഇന്ത്യയെ പ്രതിരോധ കയറ്റുമതി രാജ്യമാക്കുമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യ സ്വയം പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുക മാത്രമല്ല, സൗഹൃദ രാജ്യങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്നതാണ് പുതിയ മന്ത്രം. 5 ബില്യൺ ഡോളറിന്റെ പ്രതിരോധ കയറ്റുമതിയും 2025 ഓടെ മൊത്തത്തിലുള്ള ഉൽപ്പാദന വിറ്റുവരവ് 22 ബില്യൺ ഡോളറും സർക്കാർ ലക്ഷ്യമിടുന്നതായി രാജ്‌നാഥ് സിംഗ് പറഞ്ഞു.
Comments