പാലക്കാട്: ക്ഷേത്രം തകർത്ത് ടിപ്പു സുൽത്താൻ നിർമ്മിച്ച സൈന്യ സങ്കേതം പാലക്കാട് കണ്ടെത്തി. പാലക്കാട് കൂറ്റനാടാണ് സൈന്യ സങ്കേതം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോയും ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടറുമായ തിരൂർ ദിനേശ് ആണ് കണ്ടെത്തലിന് പിന്നിൽ. കൂറ്റനാട്- ഗുരുവായൂർ റോഡിന് സമീപമാണ് സൈന്യ സങ്കേതം കണ്ടെത്തിയ സ്ഥലം സ്ഥിതി ചെയ്യുന്നത്.
കേന്ദ്ര സാംസ്കാരിക വകുപ്പിന് വേണ്ടി ഭാരതപ്പുഴയുടെ ഇരു കരകളിലുമുള്ള ഗ്രാമങ്ങളുടെ ചരിത്രസമാഹരണത്തിന്റെ ഭാഗമായി നടത്തിയ പഠനത്തിന്റെ ഇടയിലാണ് ക്ഷേത്രം തകർത്ത് നിർമ്മിച്ച ടിപ്പുവിന്റെ സൈന്യം സങ്കേതം കണ്ടെത്തിയത്. സങ്കേതം ഉണ്ടായിരുന്ന സ്ഥലത്ത് മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാം. ശ്രീകോവിൽ തറ, ആനപ്പിള്ള മതിലിന്റെ അവശിഷ്ടങ്ങൾ, കൊത്തളങ്ങൾ, കിടങ്ങുകൾ എന്നിവ സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് ഏക്കറോളം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് സൈന്യ സങ്കേതം കണ്ടെത്തിയിരിക്കുന്നത്. പടയോട്ട കാലത്താണ് ടിപ്പു ക്ഷേത്രം ആക്രമിച്ച് കോട്ടയാക്കിയതെന്ന് തിരൂർ ദിനേശ് പറഞ്ഞു. ആനപ്പിള്ള മതിലോടു കൂടിയ വലിയ ക്ഷേത്രമായിരുന്നു കൂറ്റനാട് ഉണ്ടായിരുന്നത്. ഈ മതിലിന്റെ നാല് ഭാഗത്തും പീരങ്കികൾ സ്ഥാപിക്കുന്നതിനായി ടിപ്പു കൊത്തളങ്ങളും നിർമ്മിച്ചു. ഇക്കാര്യം ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും തിരൂർ ദിനേശ് ജനം ടീവിയോട് വ്യക്തമാക്കി.















Comments