ന്യൂഡൽഹി: പശ്ചിമ ബംഗാളിലും അരുണാചൽ പ്രദേശിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പട്ടിക പുറത്തിറക്കിയത്.
അരുണാചൽ പ്രദേശിലെ ലുംല സീറ്റിൽ സെറിംഗ് ലാമുവിനെയും പശ്ചിമ ബംഗാളിലെ സാഗർദിഗി മണ്ഡലത്തിൽ ദിലീപ് സാഹയെയും മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ജനുവരിയിൽ അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ക്രമപട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി 27 ന് അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കും, മഹാരാഷ്‌ട്രയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കും. ലക്ഷദ്വീപ് പാർലമെന്റ് മണ്ഡലത്തിലും ഫെബ്രുവരി 27 ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഉപതിരഞ്ഞെടുപ്പ് നടന്ന എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണലും മാർച്ച് രണ്ടിന് നടക്കും.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 7 ആണ്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഫെബ്രുവരി 8 ന് നടക്കും. സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10 ആണ്.
നേരത്തെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവായ മുഹമ്മദ് ഫൈസൽ എംപിയെ അയോഗ്യനാക്കിയിരുന്നു. ഇതേതുടർന്ന് ലക്ഷദ്വീപ് പാർലമെന്റ് മണ്ഡലത്തിലും തിരഞ്ഞെടുപ്പ് നടക്കും. അരുണാചൽ പ്രദേശിലെ ലുംലയിൽ ബി.ജെ.പി നേതാവ് ജാംബെ താഷിയുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന സീറ്റിലും, ജാർഖണ്ഡിലെ രാംഗഢിൽ കോൺഗ്രസ് നേതാവ് മംമ്താ ദേവിയുടെ അയോഗ്യത കാരണവും ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരുന്നു.
തമിഴ്നാട്ടിലെ ഈറോഡിലെ കോൺഗ്രസ് നേതാവ് തിരു ഇ തിരുമഹൻ എവേരയുടെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് സുബ്രത സാഹയുടെ മരണത്തെത്തുടർന്ന് സാഗർദിഗി സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. മഹാരാഷ്‌ട്രയിലെ ബി.ജെ.പി നേതാക്കളായ മുക്ത ശൈലേഷ് തിലകിന്റെയും ലക്ഷ്മൺ പാണ്ഡുരംഗ് ജഗ്താപിന്റെയും മരണത്തെ തുടർന്നാണ് കസ്ബ പേട്ടിലും ചിഞ്ച്വാഡിലും ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.
Comments