ചെന്നൈ: രാജ്യമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള സൂപ്പർസ്റ്റാറാണ് രജിനികാന്ത്. അടുത്ത രജിനികാന്ത് ചിത്രം ‘ജയ്‌ലെറിന്’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ബിഗ് സ്‌ക്രീനിൽ തലൈവരെ വീണ്ടും കാണാൻ പോകുന്നുവെന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭ്രാന്തമായി അദ്ദേഹത്തെ ആരാധിക്കുന്നവർക്ക് നടൻ മുന്നറിയിപ്പ് നൽകിയത്.
തലൈവരെ കണ്ട ആരാധകൻ ഉച്ചത്തിൽ ആർത്തുല്ലസിക്കുകയും ദീർഘകാലം സൂപ്പർസ്റ്റാറായി നീണാൻ വാഴട്ടെയെന്ന് രജിനികാന്തിനെ ആശംസിക്കുകയും ചെയ്തിരുന്നു. ചെന്നൈ എയർപോർട്ടിൽ വച്ചായിരുന്നു സംഭവം. ഡൽഹി വഴി നേപ്പാളിലേക്ക് പോകാനായിരുന്നു സൂപ്പർസ്റ്റാർ എയർപോർട്ടിലെത്തിയത്. ഇതിനിടെ നടനെ കാണാനിടയായ ആരാധകൻ സന്തോഷത്താൽ മതിമറന്ന് ഉച്ചത്തിൽ ആശംസിക്കുകയായിരുന്നു.
എന്നാൽ എല്ലായിടത്തും തന്നെ ഇപ്രകാരം അനുഗമിച്ച് വരേണ്ടതില്ലെന്നും നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നും രജിനികാന്ത് മറുപടി നൽകിയെന്നാണ് വിവരം. ”ബാലൂ, നീയിങ്ങനെ എല്ലായിടത്തും എന്നെ പിന്തുടരേണ്ടതില്ല. നീ പോയി നിന്റെ പണി നോക്ക്. അതാണ് കൂടുതൽ പ്രധാനപ്പെട്ടത്.” ഇതായിരുന്നു രജിനികാന്തിന്റെ വാക്കുകൾ. അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. തമിഴ് സിനിമാ മേഖലയിലെ തന്നെ ഏറ്റവും ഉത്തരവാദിത്വ ബോധമുള്ള നടനാണ് രജിനികാന്തെന്ന് ആരാധകർ പ്രതികരിച്ചു.
Comments