പ്രണയം നിരസിച്ച് സുഹൃത്ത് മാത്രമായി കണ്ടതിന് യുവതിയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്. പ്രണയം സ്വീകരിക്കാത്തതിൽ മാനസികാഘാതം നേരിട്ടെന്നും അതിനാൽ മൂന്ന് ദശലക്ഷം ഡോളർ ( 24 കോടി രൂപ) നൽകണമെന്നതാണ് യുവാവിന്റെ ആവശ്യം. നോറ ടാൻ എന്ന യുവതിയ്‌ക്കെതിരെ സിംഗപ്പൂർ സ്വദേശിയായ കെ. കൗശിഗൻ ആണ് പരാതി നൽകിയിരിക്കുന്നത്.
2016-ലാണ് ഇരുവരും കണ്ടുമുട്ടിയത്. 2020-ലാണ് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ മുളപൊന്തി തുടങ്ങിയത്. കൗശിഗൻ തന്റെ പ്രണയം തുറന്ന് പറഞ്ഞപ്പോൾ അയാളെ സുഹൃത്തായി മാത്രമാണ് താൻ കാണുന്നതെന്ന് നോറ പറഞ്ഞു. സൗഹൃദത്തിനപ്പുറം പ്രതീക്ഷിക്കുന്നുവെന്ന് മനസിലായതോടെ കൗശിഗനിൽ നിന്ന് നോറ അകലം പാലിക്കാൻ നിർദേശിച്ചു. ഇതിന് പിന്നാലെ നോറയ്‌ക്കെതിരെ കേസ് ഫയൽ ചെയ്യാൻ കൗശിഗൻ തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. പ്രണയപരമായ ചിന്തകളിൽ നിന്ന് മോചനം ലഭിക്കുന്നതിനായി കൗശിഗനൊപ്പം കൗൺസിലിംഗിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചതിനെ തുടർന്നായിരുന്നു പിൻമാറ്റം.
ഒന്നര വർഷത്തെ കൗൺസിലിംഗിന് ശേഷവും നോര തന്നെ സുഹൃത്ത്് മാത്രമായാണ് കാണുന്നതെന്ന വസ്തുത അംഗീകരിക്കാൻ കൗശിഗന് സാധിച്ചില്ല. തുടർന്ന് നോറ കൗശിഗനുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൗശിഗൻ നോറയ്‌ക്കെതിരെ ഹൈക്കോടതിയിൽ രണ്ട് കേസുകൾ ഫയൽ ചെയ്തത്.
തനിക്ക് മാനസികാഘാതത്തിനും വിഷാദത്തിനും കാരണമായി എന്നതാണ് ഒന്നാമത്തെ കേസ്. ഇരുവരുടെയും ബന്ധം മെച്ചപ്പെടുന്നതിനുള്ള കരാർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് രണ്ടാമത്തെ കേസ്. നോറയുമായുള്ള പ്രശ്‌നങ്ങൾ സജീവമായി ജോലി ചെയ്യുന്നതിന് തടസം സൃഷ്ടിച്ചതായും പരാതിയിൽ പറയുന്നു.
















Comments