ന്യൂഡൽഹി: പ്രശസ്ത തെലുങ്ക് സംവിധായകൻ കെ. വിശ്വനാഥിന്റെ വിയോഗത്തിൽ കലാ-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ദുഃഖം രേഖപ്പെടുത്തി. ഹൈദരാബാദിലെ വസതിയിലായിരുന്നു കെ വിശ്വനാഥിന്റെ അന്ത്യം. 92 വയസ്സായിരുന്നു. ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ കമലം തുടങ്ങി രാജ്യമൊട്ടാകെ ശ്രദ്ധേയമായ ചിത്രങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. 5 തവണ ദേശീയ അവാർഡ് നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
മുൻ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. വിശ്വനാഥിന്റെ വിയോഗവാർത്ത കേട്ട് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സിനിമകൾക്ക് ആഗോളതലത്തിൽ അംഗീകാരം നേടിയെടുത്തുവെന്നും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും വെങ്കയ്യ നായിഡു ട്വീറ്റിൽ കുറിച്ചു.
വിശ്വനാഥിന്റെ നിര്യാണത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി, തെലുങ്ക് സിനിമാ മെഗാസ്റ്റാർ ചിരഞ്ജീവി എന്നിവരും അനുശോചനം രേഖപ്പെടുത്തി. ഒരു സാധാരണ കഥ തിരഞ്ഞെടുത്ത് തന്റെ വിസ്മയകരമായ പ്രതിഭകൊണ്ട് വെള്ളിത്തിരയിലെ ഒരു ക്ലാസിക് സിനിമയാക്കി മാറ്റിയ അപൂർവ ചലച്ചിത്ര സംവിധായകനായിരുന്നു വിശ്വനാഥെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അദ്ദേഹത്തിന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
‘തെലുങ്ക് സംസ്‌കാരത്തിന്റെയും ഇന്ത്യൻ കലകളുടെയും കണ്ണാടിയാണ് വിശ്വനാഥ്. അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ തെലുങ്ക് സിനിമാ വ്യവസായത്തിന് സമാനതകളില്ലാത്ത ബഹുമാനം നേടിക്കൊടുത്തുവെന്നും. ഒരു കലാകാരനെന്ന നിലയിൽ അദ്ദേഹം തെലുങ്ക് ജനതയുടെ ഹൃദയത്തിൽ എന്നും നിലനിൽക്കുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ട്വീറ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തെലുങ്ക് സിനിമാ വ്യവസായത്തിനും വ്യക്തിപരമായി തനിക്കും നികത്താനാവാത്ത ശൂന്യതയാണ് അദ്ദേഹത്തിൻഫെ വിയോഗമെന്നും വിശ്വനാഥൻ എന്ന ഇതിഹാസം ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്നും ചിരഞ്ജീവി തന്റെ ട്വീറ്റിൽ കുറിച്ചു.
Comments