സാധാരണക്കാരന്റെ കണ്ണിൽ ബജറ്റ് ഇങ്ങനെ…

Published by
Janam Web Desk

‘അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും വർഷമാണ്’ എന്ന് പറഞ്ഞായിരുന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗം ആരംഭിച്ചത്. തുടക്കത്തിൽ ഏറെ ആകാംക്ഷയോടെ ബജറ്റ് പ്രസംഗം കേട്ടിരുന്ന മലയാളി ഒടുക്കം ചോദിച്ചത് ദൈനംദിന ജീവിത ചെലവുകൾ എങ്ങനെ അതിജീവിക്കുമെന്നാണ്. നിത്യ ജീവിതത്തിൽ നികുതിയിനത്തിലോ നികുതിയേതര ഇനത്തിലോ വില വർദ്ധനവില്ലാത്ത ഒന്നും തന്നെ ഇല്ലെന്നതാണ് യാഥാർത്ഥ്യം.

കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ തന്നെ ഇത്രയും ‘കമ്മി’യായ ബജറ്റ് ഇല്ലെന്ന് നിരീക്ഷിക്കാം. ബജറ്റ് അവതരണത്തിന്റെ ആദ്യ ഭാഗം കണ്ടവർക്ക് മനസ്സിലാകും സാമ്പത്തികാവലോകന റിപ്പോർട്ട് വെറും പുകയാണെന്നും തീ പിന്നാലെ വരുന്നുണ്ടെന്നും.

പൊതുകടത്തെ കുറിച്ച് പറയുമ്പോൾ കേരളം ശ്രീലങ്കയാകുമെന്ന് തെറ്റായ പ്രചാരണം നടത്തുന്നു എന്നാണ് ധനമന്തിയും കൂട്ടരും ഇത്രയു കാലം പറഞ്ഞിരുന്നത്. എന്നാൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംസ്ഥാന സർക്കാർ പൂഴ്‌ത്തിവെക്കുയായിരുന്നു എന്ന് ഇന്നത്തെ ബജറ്റ് വ്യക്തമാക്കി. നികുതി വർദ്ധനയ്‌ക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കാൻ ഒരു ബജറ്റ്. അതായിരിക്കും ഈ ബജറ്റിനെ ആകെ വിശേഷിപ്പിക്കാൻ സാധിക്കുക. കാരണം അടഞ്ഞു കിടക്കുന്ന വീടിന് മുതൽ പെട്രോളിന് വരെ നികുതി ഭാരം ചുമത്തിയിട്ടുണ്ട്.

ഇന്നത്തെ ബജറ്റിനെ ഈ രീതിയിൽ വിലയിരുത്താം. എല്ലാത്തിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളി. രാവിലെ എഴുന്നേറ്റ് ചൂറ്റും നോക്കിയാൽ ബജറ്റ് കൈകടത്താത്ത ഒന്നും കാണാൻ സാധിക്കില്ല. നിങ്ങൾ താമസിക്കുന്ന വീടിന്റെ നികുതി വർദ്ധിപ്പിപ്പിട്ടുണ്ട്. അബദ്ധത്തിൽ നിങ്ങൾക്ക് രണ്ട് വീട് സ്വന്തമായി ഉണ്ടെങ്കിൽ അവിടെയും കൊടുക്കണം പ്രത്യേകം നികുതി. സ്വന്തമായി വീടില്ലാത്ത ആളാണെങ്കിൽ ഇനി ആ സ്വപ്‌നം സാക്ഷാത്കരിക്കാൻ സംസ്ഥാന സർക്കാർ അത്ര എളുപ്പം സമ്മതിക്കില്ല. എന്തെന്നാൽ ഭൂമി വാങ്ങി വേണ്ടേ, വീട് പണിയാൻ. ഭൂമിയുടെ ന്യായവില ഇരുപത് ശതമാനം കൂട്ടിയിട്ടുണ്ട്.

വീട് വേണ്ട എങ്കിൽ ഫ്‌ളാറ്റ് വാങ്ങാമെന്ന തീരുമാനവുമായി മുന്നോട്ട് പോകാമെന്ന് വെച്ചാൽ. പോകാൻ വരട്ടെ, ബജറ്റ് അവിടെയും വരുന്നുണ്ട്. ഫ്‌ളാറ്റിന്റെ ഏഴ് ശതമാനം മുദ്രവില വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ പിന്നെ വീട് തന്നെ പണിയാമെന്ന് വീണ്ടും കരുതിയാൽ അവിടെ കെട്ടിട നികുതിക്കൊപ്പം അപേക്ഷ ഫീസ്, പരിശോധന ഫീസ്, പെർമിറ്റ് ഫീസ് എന്നിവും പരിഷ്‌കരിച്ചിട്ടുണ്ട്. നിർമ്മാണ സാമഗ്രികളേയും നികുതി വെറുതെ വിട്ടില്ല. വീട് നീർമ്മാണത്തിന് ഉപയോഗിക്കുന്ന പാറ ലഭ്യമാക്കുന്ന മൈനിങ് ആന്റ് ജിയോളജി മേഖലയിലും നികുതി കൂട്ടിയിട്ടുണ്ട്.

എങ്കിൽ പിന്നെ പഴയ വീട്ടിലേക്ക് തന്നെ തിരിച്ചു ചെന്ന് നോക്കുക വൈദ്യുതി തീരുവ കുത്തന ഉയർത്തിയിട്ടുണ്ട്. നിങ്ങൾ വാഹനം ഉപയോഗിക്കുന്നവരാണെങ്കിൽ ഇത് അറിയുക, മോട്ടർ വാഹന നികുതിയിലും കൈകടത്തിയിട്ടുണ്ട് സർക്കാർ. പിന്നെ വണ്ടിക്ക് ഫാൻസി നമ്പർ സ്വന്തമാക്കണമെങ്കിൽ അവിടെയും പൈസ അധികം കാണണം. കാറായാലും ബൈക്കായാലും അതിൽ ഇനി ഇന്ധനം നിറയ്‌ക്കണ്ടേ? വേണം… അതിനും കൊടുക്കണം അധിക സെസ്. ലിറ്ററിന് രണ്ട് രൂപയാണ് അധിക സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ധന വിലവർദ്ധനവ് പൊതുവിപണിയിലെ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ഏതൊരു സാധാരണക്കാരനും അറിയാം. അതിന് ധനമന്ത്രിയാകണമെന്നില്ല. പണ്ട് പെട്രോൾ വില വർദ്ധനവിന് എതിരായി ഹർത്താൽ നടത്തുന്ന അതേ രാഷ്‌ട്രീയ പാർട്ടിയിൽ പെട്ട മന്ത്രിയാണ് ഇന്ന് ബജറ്റ് അവതരിപ്പിച്ചതെന്ന കാര്യം പൊതുജനം മറന്നിട്ടില്ല.

മദ്യപൻമാരെയും ധനമന്ത്രി വെറുതെ വിട്ടില്ല. സാമൂഹ്യ സുരക്ഷ സെസ് എന്ന പേരിൽ അവിടെയും ഏർപ്പെടുത്തിയിട്ടുണ്ട് അധിക നികുതി. എതൊക്കെ നികുതിയാണ് കൂട്ടിയത് എന്ന് പറയുന്നതിനേക്കാൾ എളുപ്പം, കൂട്ടാത്തതായി ഒന്നും ഇല്ല എന്നത് പറയുന്നതാണ്. പിന്നെ ബജറ്റിൽ വാഗ്‌ദ്ധാനങ്ങൾക്ക് ഒരു പഞ്ഞവും ഇല്ല കേട്ടോ. എന്നാൽ ബജറ്റിന്റെ വാൽക്കഷ്ണമായി ലഭിക്കുന്നത് ഇതാണ്  വരുന്ന മൂന്നു മാസം കേരളം എങ്ങനെ കഞ്ഞി കുടിക്കും എന്നത്. എന്തെന്നാൽ സംസ്ഥാന സർക്കാർ പദ്ധതിയിട്ടത് 8000 കോടി രൂപ കടമെടുക്കാനായിരുന്നു. എന്നാൽ എടുക്കാൻ സാധിക്കുക 937 കോടി രൂപയാണ്. കഞ്ഞികുടി മുട്ടുമോ എന്തോ?

 

 

 

 

Share
Leave a Comment