ഗുവാഹത്തി: സംസ്ഥാനത്ത് ശൈശവ വിവാഹ നിയമം ലംഘിച്ചതിൽ 1800-ലധികം പേരെ അറസ്റ്റ് ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മാപ്പ് അർഹിക്കാത്ത തെറ്റാണ് ഇത്തരക്കാർ സ്ത്രീകളോട് ചെയ്യുന്നതെന്നും പോലീസിനോട് ശക്തമായ നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് അസമിലെ മോറിഗാവ്, മജുലി ജില്ലകളിൽ നിന്നുള്ള നിരവധി ആളുകളെ പോലീസ് പിടികൂടിയ വാർത്ത നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ്, ഹിമന്ത ബിശ്വ ശർമ്മ നേരിട്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.
‘ശൈശവ വിവാഹ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നിലവിൽ സംസ്ഥാന വ്യാപകമായി അറസ്റ്റ് നടക്കുകയാണ്. 1800-ലധികം പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ശൈശവ വിവാഹ കേസുകളിൽ ഒരു ഒരു മടിയും കൂടാതെ നടപടികൾ കൈക്കൊള്ളാൻ താൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള മാപ്പ് അർഹിക്കാത്ത തെറ്റാണ് ശൈശവ വിവാഹം. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾക്കെതിരെ ഒരു തരത്തിലുള്ള സഹിഷ്ണുതയും സർക്കാരും പോലീസും കാണിക്കില്ല’ എന്ന് ഹിമന്ത ബിശ്വ ശർമ്മ ട്വിറ്റിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് അസമിലെ എല്ലാ ജില്ലകളിലെയും സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന നടപടികളെക്കുറിച്ച് അസം മുഖ്യമന്ത്രി നിർദ്ദേശങ്ങൾ നൽകിയത്. ശൈശവ വിവാഹം എന്ന ദുരാചാരത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുള്ള സർക്കാർ നടപടിക്ക് പിന്തുണ നൽകണമെന്ന് ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.
Comments