ഡെറാഡൂൺ : ദേവ ഭൂമിയായ ഉത്തരാഖണ്ഡിനെ പൂർണ്ണമായും ലഹരി വിമുക്തമാക്കാൻ ഊർജ യജ്ഞവുമായി മുന്നോട്ട് പോകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. ജനങ്ങളുടെ സഹകരണം ഉറപ്പാക്കിക്കൊണ്ട് 2025- ഓടെ ലക്ഷ്യം കൈവരിക്കും. ‘മിഷൻ ഡ്രഗ് ഫ്രീ ദേവഭൂമി’എന്ന് പേരിട്ടിരിക്കുന്ന യജ്ഞം അദ്ദേഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. 2025-ൽ ഒരാൾ പോലും ലഹരി ഉപയോഗിക്കുന്നവരായി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ ലഹരി വിരുദ്ധ സംസ്ഥാനത്തെ വാർത്തെടുക്കുന്നതിന് സംസ്ഥാനത്തെ വിവിധ മേഖലകളിൽ കാമ്പെയ്നുകൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
സംസ്ഥാന രൂപീകരണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന 2025-ൽ ഉത്തരാഖണ്ഡ് സമ്പൂർണ ലഹരിവിമുക്ത സംസ്ഥാനമാക്കണം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ലഹരി ഉപയോഗത്തിന്റെ ഭവിഷത്തുകളെ കുറിച്ച് എല്ലാവരെയും ബോധവാന്മാരാക്കാൻ മുഖ്യമന്ത്രി സംസ്ഥാനത്തെ യുവാക്കളോട് ആഹ്വാനം ചെയ്തു. ഈ പ്രചാരണ പദ്ധതി നടപ്പിലാക്കാൻ സർക്കാർ, യുവജനങ്ങൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ, സാമൂഹിക-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ഉൾപ്പെടുത്തി പ്രവർത്തിക്കണം. സംസ്ഥാനത്ത് നടത്തുവാൻ ഉദ്ദേശിക്കുന്ന ബഹുജന പ്രചാരണത്തിൽ ഓരോരുത്തരുടെയും സംഭാവന പ്രധാനമാണെന്നും ധാമി പറഞ്ഞു. ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ ജയിലിലെ വേദാന്ത ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ മുഖ്യമന്ത്രി പരിശോധിച്ചു. കൂടാതെ അദ്ദേഹം തടവുകാരെ സന്ദർശിക്കുകയും ചെയ്തു. ജയിലിൽ നിർമിക്കുന്ന ഉൽപന്നങ്ങൾ ഭാവിയിൽ പ്രാദേശിക വിപണിയിലും വിൽപ്പന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ജയിലും സമൂഹത്തിന്റെ ഭാഗമാണെന്നും ജയിൽ വാസികൾ ജയിൽ ജീവിതം പശ്ചാതാപത്തിന്റെയും നവീകരണത്തിന്റെയും പാതയായി കാണണമെന്നും മുഖ്യമന്ത്രി പരാമർശിച്ചു.
ജയിലുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ആരോപണങ്ങളുണ്ട്. അത് ജയിൽ ഭരണത്തിന് വലിയ വെല്ലുവിളിയാണ്. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ലഹരിവിമുക്ത കാമ്പെയ്‌നുകൾ സംഘടിപ്പിക്കുമെന്ന് ധാമി കൂട്ടിച്ചേർത്തു.
















Comments