ഛണ്ഡിഗഡ്: മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയും പട്ട്യാല എംപിയുമായ പ്രിണീത് കൗറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത് കോൺഗ്രസ്. ബിജെപിയുമായി സഹകരിച്ച് പ്രവർത്തിച്ചതായി ആരോപിച്ചാണ് മാറ്റിനിർത്തൽ. കോൺഗ്രസ് അച്ചടക്ക കമ്മിറ്റിയുടേതാണ് നടപടി.
വിഷയത്തിൽ പ്രിണീത് കൗറിന് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു. തുടർന്ന് പ്രിണീത് കൗറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി എഐസിസി അച്ചടക്ക സമിതി ചെയർമാൻ താരിഖ് അൻവർ അറിയിക്കുകയായിരുന്നു. പ്രിണീത് കൗറിനെതിരെ നിരവധി പരാതി സംസ്ഥാന ഘടകത്തിൽ നിന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചതിനെ തുടർന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
പഞ്ചാബ് മുഖ്യന്ത്രിയായിരുന്ന അമരീന്ദർ സിംഗിന്റെ ഭാര്യയാണ് പട്ട്യാലയിൽ നിന്നുള്ള കോൺഗ്രസ് എംപിയായ പ്രിണീത് കൗർ. അമരീന്ദർ സിംഗ് പാർട്ടി വിട്ടതിന് ശേഷവും പ്രിണീത് കോൺഗ്രസിൽ തുടർന്നുപോരുകയായിരുന്നു. എന്നാൽ പാർട്ടി വേദികളിൽ നിന്നും ഇവർ വിട്ടുനിന്നു. 2022 സെപ്റ്റംബറിൽ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം അമരീന്ദർ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പഞ്ചാബ് നേതൃത്വം പ്രിണീതിന് ബിജെപി ബന്ധമുള്ളതായി ആരോപിച്ച് രംഗത്തുവന്നത്.
















Comments