ന്യൂഡൽഹി: ജി 20 ഇന്ത്യ എനർജി വീക്ക് (ഐഇഡബ്ല്യു) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ജി 20 അദ്ധ്യക്ഷതയ്‌ക്ക് കീഴിൽ നടക്കുന്ന പ്രധാന യോഗമാണ് ഇന്ത്യ എനർജി വീക്ക്ഫെബ്രുവരി 6 മുതൽ 8 വരെ ബംഗളൂരുവിൽ വച്ചാണ് യോഗം നടക്കുക. ത്രിദിന യോഗത്തിൽ അമേരിക്കയും ചൈനയും റഷ്യയും ഉൾപ്പെടെ 34 രാജ്യങ്ങളിലെ ഊർജ മന്ത്രിമാരുടെയും 30,000 ഊർജ മേഖലയിലെ വിദഗ്ധരുടെയും 650 അന്താരാഷ്‌ട്ര കമ്പനികളുടെയും സാന്നിധ്യമുണ്ടാവുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.
80 സെഷനുകളിലായി 500 രാജ്യാന്തര പ്രഭാഷകർ വിഷയങ്ങൾ അവതരിപ്പിക്കും. ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസിന്റെ കീഴിൽ സംഘടിപ്പിക്കുന്ന ഈ യോഗം വാർഷിക പരിപാടിയായി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വരും വർഷങ്ങളിൽ, ഊർജ്ജ ഉപഭോഗത്തിലും ഉൽപ്പാദനത്തിലും ലോക രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ മുന്നിലുണ്ടാവും. 2030ഓടെ ഹരിത ഊർജ്ജ മേഖലയിലെ ലോകത്തിന്റെ മൊത്തം വളർച്ചയുടെ 25 ശതമാനവും ഇന്ത്യയിൽ നിന്നായിരിക്കും എന്നാണ് അന്താരാഷ്‌ട്ര ഊർജ ഏജൻസിയുടെ പുറത്തുവരുന്ന കണക്കുകൾ.
അതേസമയം രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 100 പെട്രോൾ പമ്പുകളിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ ഇ-20 പദ്ധതി പ്രധാനമന്ത്രി ആരംഭിക്കും. അതിൽ ഇരുപത് ശതമാനം എത്തനോൾ കലർന്ന പെട്രോളുകളായി പമ്പുകളിൽ വിൽക്കും. കരിമ്പിന് പകരം മുളയിൽ നിന്ന് എത്തനോൾ ലഭ്യമാക്കാൻ രാജ്യം വളരെയധികം പരിശ്രമിക്കുന്നുണ്ട്. പ്രതിദിനം 30,000 ലിറ്റർ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ മുള അടിസ്ഥാനമാക്കിയുള്ള എത്തനോൾ റിഫൈനറി നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എത്തനോൾ 20% മിശ്രിതം വരും വർഷങ്ങളിൽ 80% ആയി വർദ്ധിപ്പിക്കും. ഈ സുപ്രധാന നടപടി നമ്മുടെ ഊർജ ഇറക്കുമതി ബിൽ നേരിട്ട് കുറയ്‌ക്കുകയും ഇന്ത്യയെ ഹരിത ഇന്ധന കേന്ദ്രമാക്കുകയും മാറ്റുകയുമ ചെയ്യും. മലിനീകരണം കുറയ്‌ക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി.
ഇതിനുപുറമെ ഗാർഹിക ഉപയോഗത്തിൽ സൗരോർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി സോളാർ എനർജി കുക്കിംഗ് ടോപ്സ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും. എല്ലാ പ്രധാന നഗരങ്ങളിലും സബ്സിഡി നിരക്കിലുള്ള സോളാർ കുക്കിംഗ് ടോപ്പുകൾ ലഭ്യമാക്കും. എൽപിജി വാതകത്തിൽ നിന്ന് സൗരോർജ്ജത്തിലേക്ക് നീങ്ങാൻ ഈ സംരംഭം ആളുകളെ പ്രോത്സാഹിപ്പിക്കും. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളിൽ നിന്നോ പോളീത്തിലീൻ ടെറഫ്താലേറ്റ് (പെറ്റ്) കുപ്പികളിൽ നിന്നും ഫൈബർ നിർമ്മിക്കുന്ന ഒരു നൂതന പദ്ധതിയും ഇന്ത്യ എനർജി വീക്കിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ഹൈഡ്രജൻ ബസുകളും ഇലക്ട്രിക് വാഹനങ്ങളും ഉൾക്കൊള്ളുന്ന ഗ്രീൻ മൊബിലിറ്റി റാലി പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. 2070-ഓടെ ഇന്ത്യ കാർബൺ ന്യൂട്രൽ ആകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
















Comments