ഗായിക വാണി ജയറാമിന്റെ (78) നിര്യാണ വാർത്തയുടെ ഞെട്ടലിലാണ് രാജ്യം. അപ്രതീക്ഷിതമായ മരണം കലാലോകത്തെ മാത്രമല്ല, ഓരോ സംഗീത പ്രേമികളെയും വേദനയിലാഴ്‌ത്തിയിരിക്കുകയാണ്. വീട്ടിൽ മരിച്ചു കിടക്കുന്ന നിലയിലാണ് വാണി ജയറാമിന്റെ മൃതദേഹം കണ്ടെത്തിയത്. മരണം അറിയാൻ വൈകിയെന്ന സൂചനകളും പുറത്തുവരികയാണ്.
ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ സ്ഥിതിചെയ്യുന്ന വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുജോലി ചെയ്യുന്ന സ്ത്രീ വാണിയുടെ വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചെങ്കിലും തുറക്കാതിരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ”അഞ്ച് തവണ കോളിംഗ് ബെൽ അടിച്ചു. പക്ഷെ വാണിയമ്മ കതക് തുറന്നില്ല. ഞാനെന്റെ ഭർത്താവിനെ വിവരമറിയിച്ചു. അദ്ദേഹം അവരെ ഫോണിൽ വിളിച്ചു. എന്നിട്ടും മറുപടിയുണ്ടായില്ല. വീട്ടിൽ വാണിയമ്മ മാത്രമാണുണ്ടായിരുന്നത്” വീട്ടുജോലിക്കാരിയായ മലർകൊടി പ്രതികരിച്ചു.
വീട്ടുജോലിക്കാരി നൽകിയ വിവരത്തെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ കിടപ്പുമുറിയിൽ മരിച്ച് കിടക്കുകയായിരുന്നു വാണി ജയറാം. 2018ൽ ഭർത്താവ് ജയറാം അന്തരിച്ച ശേഷം വീട്ടിൽ ഒറ്റയ്‌ക്കാണ് വാണിയമ്മ കഴിഞ്ഞിരുന്നത്.
മൃതദേഹത്തിന്റെ നെറ്റിയിൽ മുറിവുണ്ട്. ഇത് കുഴഞ്ഞുവീണപ്പോൾ സംഭവിച്ചതാകാമെന്നാണ് വിലയിരുത്തൽ. സമീപത്ത് കിടന്നിരുന്ന ടീപോയിയിൽ തലയിടിച്ചിട്ടുണ്ടാകാമെന്ന് പോലീസ് പറയുന്നു. നിലവിൽ വാണി ജയറാമിന്റെ മൃതദേഹം ഓമന്തുരാർ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.
Comments