ധാക്ക: പാകിസ്താന് പിന്നാലെ ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് ജനം. ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തിറങ്ങിയിട്ടുണ്ട്.
കൊറോണ മഹാമാരിയ്‌ക്ക് പിന്നാലെയാണ് രാജ്യത്ത് പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത്. വസ്ത്ര നിർമാണ മേഖലയിലുണ്ടായ തകർച്ച രാജ്യത്തെ പ്രതികൂലമായാണ് ബാധിച്ചത്. 470 കോടി രൂപയുടെ സഹായം അന്താരാഷ്‌ട്ര നാണയനിധി ബംഗ്ലാദേശിന് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ തുകയ്‌ക്ക് രാജ്യത്തെ പിടിച്ചുനിർത്തുകയെന്നുള്ളത് ഭരണകൂടത്തെ സംബന്ധിച്ച് വെല്ലുവിളിയാണ്. എന്നാൽ ഐഎംഎഫിന്റെ സഹായത്തിലൂടെ താത്കാലികമായി പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
പാകിസ്താനും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആവശ്യ വസ്തുക്കളുടെ വിലകയറ്റവും ഇന്ധന വില വർദ്ധനവും ജനങ്ങളെ രൂക്ഷമായാണ് ബാധിച്ചിരിക്കുന്നത്. പാക് രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം 21-23 ശതമാനത്തിൽ ഉയർന്ന നിലയിൽ തുടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
Comments