ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത, ഇനി യാത്രക്കിടയിൽ ഇഷ്ട ഭക്ഷണം വാട്സ്ആപ്പ് വഴി ഓർഡർ ചെയ്യാം. ഇന്ത്യൻ റെയിൽവേയുടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐആർസിടിസി) ഇ-കാറ്ററിംഗ് സേവനങ്ങൾ കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമാക്കുന്നു. ഇതിലൂടെ യാത്രക്കാർക്ക് വാട്സ്ആപ്പ് വഴി ഇ-കാറ്ററിംഗ് സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഐആർസിടിസി യാത്രക്കാർക്ക് www.catering.irctc.co.in എന്ന വെബ് സൈറ്റ് വഴി ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം നേരത്തേ മുതൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വാട്സ്ആപ്പ് സേവനം ആരംഭിച്ചിരിക്കുന്നത്.
ഇ- കാറ്ററിംഗ് ആപ്പിലൂടെ ഐആർടിസി +91-8750001323 എന്ന ബിസിനസ് വാട്സ്ആപ്പ് നമ്പർ ഇതിനോടകം ആരംഭിച്ചു. തിരഞ്ഞെടുത്ത ട്രെയിനുകളിലും യാത്രക്കാരിലും ഇ-കാറ്ററിംഗ് സേവനങ്ങൾക്കായി വാട്സ്ആപ്പ് ആശയവിനിമയം നടപ്പിലാക്കിയിട്ടുണ്ട്, കൂടാതെ ഉപഭോക്തൃ ഫീഡ്ബാക്കുകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും മറ്റ് ട്രെയിനുകളിലേക്കും റെയിൽവേ ഈ സേവനം എത്തിക്കുക.
ഇ- കാറ്ററിംഗ് ലഭ്യമാക്കുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, www.ecatering.irctc.co.in എന്ന ലിങ്ക് ക്ലിക്ക് ചെയുക. ശേഷം ഇ-കാറ്ററിംഗ് സേവനങ്ങൾ തിരഞ്ഞെടുക്കുക. അതിന് ശേഷം ബിസിനസ് വാട്സ്ആപ്പ് നമ്പറിൽ നിന്ന് ഉപഭോക്താവിന് ഒരു സന്ദേശം ലഭിക്കും. ഇത്തരത്തിലായിരിക്കും വാട്സ്ആപ്പിലൂടെയുള്ള സേവനം ഉപഭോക്താവിന് ലഭ്യമാകുന്നത്.
Comments