ഇസ്താംബൂൾ: തുർക്കി സിറിയൻ അതിർത്തി മേഖലയിൽ ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 3800- കടന്നു. ഇരു രാജ്യങ്ങളിലുമായി 14000-ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. പലരുടെയും നില അതിവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. നൂറുകണക്കിന് ആളുകൾ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്.
തുർക്കിയിലേക്കുള്ള ആദ്യ ഇന്ത്യൻ രക്ഷാസംഘം യാത്ര തിരിച്ചു. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാം സഹായങ്ങളും ഇന്ത്യ നൽകുമെന്ന് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യസംഘം യാത്ര തിരിച്ചത്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ആദ്യ സംഘത്തിലുണ്ട്. ഭൂകമ്പമേഖലയിൽ പ്രവർത്തിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ്, രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ, ജീവൻ രക്ഷാമരുന്നുകൾ എന്നിവയും ഇന്ത്യ അയച്ചിട്ടുണ്ട്.
ഇന്നലെ പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭുകമ്പമുണ്ടായത്. പിന്നാലെ ഉച്ചയ്‌ക്കുശേഷം ഒന്നരയോടെ 7.5 തീവ്രതയുള്ള ഒരു ഭൂചലനം കൂടിയുണ്ടായി. വൈകിട്ടോടെ മൂന്നാം ചലനവുമുണ്ടായി.
Comments