ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് രാജ്യത്ത് പണമിടപാടുകൾ നടത്താൻ യുപിഐ അല്ലെങ്കിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ഉപയോഗിക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മേധാവി ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. ചില പ്രത്യേക വിമാനത്താവളങ്ങളിൽ എത്തുന്നവർക്കും G-20 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും മാത്രമാണ് അനുമതി.
“റീട്ടെയിൽ തലത്തിലുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയതാണ് UPI. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെത്തുന്ന എല്ലാ ഇൻബൗണ്ട് യാത്രക്കാർക്കും അവരുടെ മർച്ചന്റ് പേയ്‌മെന്റുകൾക്ക് (P2M) UPI ഉപയോഗിക്കാൻ അനുമതി നൽകുന്നത്. തുടക്കത്തിൽ തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന ജി-20 രാജ്യങ്ങളിലെ യാത്രക്കാർക്ക് ലഭ്യമാകും. ശേഷം കൂടുതൽ അന്താരാഷ്‌ട്ര യാത്രക്കാരിലേക്ക് സേവനം വ്യാപിപ്പിക്കും.” ആർബിഐ മേധാവി പറഞ്ഞു.
ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുന്നതിന് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് യുപിഐ. കഴിഞ്ഞ ആറ് വർഷത്തിനിടെ യുപിഐ ഇടപാടുകളിൽ വൻ കുതിച്ചുചാട്ടം സംഭവിച്ചിരുന്നു. 12.82 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ഇടപാടുകളാണ് യുപിഐ മുഖേന കഴിഞ്ഞ ഡിസംബറിൽ നടന്നത്. വിദേശികൾക്ക് ഇന്ത്യയിൽ അനുമതി നൽകുന്നതിന് സമാനമായി ഇന്ത്യക്കാർക്ക് വിദേശ രാജ്യങ്ങളിൽ യുപിഐ ഉപയോഗിക്കാൻ കഴിയുമെന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
















Comments