ലക്നൗ: വികസനത്തിന്റെ പുതിയ കഥ രചിക്കാൻ ഉത്തർപ്രദേശ് തയ്യാറായി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യൂറോപ്യൻ നിക്ഷേപകരുമായും നിക്ഷേപ ബാങ്കുകളുടെ പ്രതിനിധികളുമായും ചർച്ച നടത്തിയതിന് ശേഷമാണ് യുപി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ബെൽജിയം മുൻ ഉപപ്രധാനമന്ത്രിയും യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് വൈസ് പ്രസിഡന്റുമായ ക്രിസ്പീറ്റേഴ്‌സിന്റെ നേതൃത്വത്തിൽ ജിഐഎസ്-23ൽ പങ്കെടുക്കാനെത്തിയ പ്രതിനിധികളുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. യൂറോപ്യൻ നിക്ഷേപക ബാങ്കിന്റെ പിന്തുണയോടെ യുപിയുടെ നിക്ഷേപ യാത്ര കൂടുതൽ ശക്തി പ്രാപിക്കുമെന്നും സംസ്ഥാന സർക്കാർ വികസനത്തിന്റെ പുതിയ തിരക്കഥ രചിക്കുകയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചു.
’25 കോടി ജനസംഖ്യയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. യുപി രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ, ഉപഭോക്തൃ വിപണിയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് വർഷമായി ഇവിടെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. പൊതുജനങ്ങളുടെ ആവശ്യങ്ങൾ സർക്കാർ നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ക്രമസമാധാനം നിലനിൽക്കുന്നുണ്ടെന്നും ഭക്ഷ്യധാന്യ ഉത്പാദനത്തിൽ യുപി സർക്കാർ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
യുപിയിൽ നിക്ഷേപം നടത്തുന്ന ഓരോ നിക്ഷേപകന്റെയും താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. യുപി സർക്കാർ നിക്ഷേപകർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിക്ഷേപ സൗഹൃദ അന്തരീക്ഷം പ്രദാനം ചെയ്തതിന് ക്രിസ് പീറ്റേഴ്‌സ് മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചു. 1.5 ബില്യൺ ഡോളറാണ് സംസ്ഥാനത്ത് നിക്ഷേപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
















Comments