ശിവരാത്രി മഹിമ

Published by
Janam Web Desk

കെ രാധാമണി തമ്പുരാട്ടി

ഈശ്വരാധിഷ്ഠിതമായ പല പുണ്യദിനങ്ങളും നമ്മുടെ സംസ്കാരത്തിന്റെ ഭാഗങ്ങളാണ്. ചിലത് പ്രാദേശികമായി മാത്രം ആഘോഷിക്കപ്പെടുന്നവയാണ്. എന്നാൽ ഭാരതത്തിലുടനീളം ഭക്തിപൂർവ്വമാഘോഷിക്കുന്ന ഒരു പുണ്യദിനമാണ് മഹാശിവരാത്രി. ഏകവും നിരാകാരവുമായ പരബ്രഹ്മം സ്വേച്ഛയാൽ രൂപവും നാമവും സ്വീകരിച്ചപ്പോൾ, ശിവൻ എന്ന നാമവും നമ്മുടെ സങ്കല്പത്തിലുള്ള ശിവരൂപവും പ്രകടമായി. പിന്നീട് ആദിപരാശക്തിയും ആവിർഭവിച്ചു. ഇങ്ങിനെ ശിവ- ശക്തിമാരാണ് പ്രപഞ്ചത്തിൽ ആദ്യമുണ്ടായത്. അതുകൊണ്ടു അവർ ജഗദ്പിതാക്കൾ എന്ന് പ്രകീർത്തിക്കപ്പെടുന്നു. ശിവഭഗവാന്റെ ഇടതു ഭാഗത്ത് നിന്ന് ഉണ്ടായ വിഷ്ണുദേവനും വലതു ഭാഗത്ത് നിന്നുണ്ടായ ബ്രഹ്മദേവനും ശ്രേഷ്ഠതയെക്കുറിച്ചു പറഞ്ഞു “അഹം പ്രഭു അഹം പ്രഭു” എന്ന് വാദിച്ചു.ആവാദം വലിയ വിഷയമാവുകയും യുദ്ധമായി പരിണമിക്കുകയും, ദേവന്മാരുൾപ്പെടെ സകലരും ഭയന്ന് വിഷമിക്കുകയും ചെയ്തു. ഇരു ദേവന്മാരുടെയും അസ്ത്രജ്വാലയിൽ ലോകത്തിന് അകാലനാശം സംഭവിക്കുവാനിടയുണ്ടെന്നറിഞ്ഞ മഹേശ്വരൻ ആദ്യന്തമില്ലാത്ത അഗ്നിസ്തംഭരൂപത്തിൽ അസ്ത്രമധ്യത്തിൽ ആവിർഭവിച്ചു. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഭഗവാൻ നിരാകാരനായി അവതരിച്ചത്. ആദ്യന്തമില്ലാത്ത ശിവന് ജന്മനക്ഷത്രമില്ലല്ലോ. എങ്കിലും ഭക്തർ തിരുവാതിരനാൾ ഭഗവാന്റെ ജന്മ നക്ഷത്രമായി വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഈ അഗ്നിസ്തംഭാവിർഭാവമാണ് ഇതിനു കാരണം.

ആദ്യന്തമില്ലാത്ത അഗ്നിസ്തംഭത്തിന്റെ മുകൾഭാഗം ദർശിക്കുവാൻ ബ്രഹ്മദേവൻ അരയന്നതിന്റെ രൂപത്തിൽ മുകളിലേക്കും വിഷ്ണുദേവൻ പന്നിയുടെ രൂപത്തിൽ താഴേക്കും പോയി. അടിഭാഗം കാണാതെ വിഷ്ണുദേവൻ നിരാശനായി സ്വരൂപത്തോടു കൂടി സ്വസ്ഥാനത്ത് തിരിച്ചെത്തി. മുകളിലേക്ക് പോയ ബ്രഹ്മാവ് ഒരു കൈതപ്പൂവിന്റെ കള്ളസാക്ഷ്യവുമായി മുകൾ ഭാഗം കണ്ടുവെന്ന് അവകാശപ്പെട്ടു. വിഷ്ണുദേവൻ സന്തോഷത്തോടു കൂടി വിധാതാവിനെ പൂജിച്ചു. പെട്ടന്ന് അഗ്നിസ്തംഭത്തിൽ നിന്ന് ശ്രീപരമേശ്വരൻ സാകാരനായി പ്രത്യക്ഷപ്പെട്ടു.


കള്ളം പറഞ്ഞ ബ്രഹ്മദേവന്റെ ശിരസ്സ് മുറിച്ചു മാറ്റി. (മഹാദേവൻ ഈ കൃത്യം നിർവഹിക്കുന്നതിന് തന്നിൽ നിന്ന് മറ്റൊരു രൂപത്തെ സങ്കൽപ്പിച്ചു. ആ രൂപമാണ് ഭൈരവ മൂർത്തി). മാത്രമല്ല ക്ഷേത്രങ്ങൾ പൂജകൾ ഉത്സവങ്ങൾ പ്രതിഷ്ഠകൾ എന്നിവ ബ്രഹ്‌മാവിനുണ്ടായിരിക്കില്ലെന്ന് ശാപവും നൽകി. എന്നാൽ വിഷ്ണുദേവന് തനിക്ക് സമാനമായ പദവി നൽകി, ക്ഷേത്രങ്ങൾ പൂജകൾ ഉത്സവങ്ങൾ പ്രതിഷ്ഠകൾ എന്നിവ വിഷ്ണുദേവന് പ്രദാനം ചെയ്തു.
ഇങ്ങിനെ ശിക്ഷയും അനുഗ്രഹവും നൽകിയ മഹാദേവനെ ബ്രഹ്മാവും വിഷ്ണുവും പ്രണമിച്ച് ഒരു ശ്രേഷ്ഠസിംഹാസനത്തിലിരുത്തി ദേവീസമേതനായി പൂജിച്ചു. നാനാഭരണങ്ങളും നാനാവസ്ത്രങ്ങളും ദിവ്യോപഹാരങ്ങളും ധൂപദീപങ്ങളും കൊണ്ട് ആദരിച്ചു. പൂജയിൽ സന്തുഷ്ടനായ ഭഗവാൻ ഇങ്ങിനെയാരുളി ,”നിങ്ങളെന്നെ പൂജിച്ച ഈ ദിനം എനിക്ക് വളരെ സന്തോഷം നൽകുന്നു. ഈ ദിനം ശിവരാത്രിയെന്നപേരിൽ പ്രസിദ്ധിയാർജ്ജിക്കും. ഈ ദിനം എന്റെ ലിംഗമോ വിഗ്രഹമോ ദർശിക്കുന്നവർക്കും പൂജിക്കുന്നവർക്കും സർവ്വ ഐശ്വര്യവുമുണ്ടാകും. ശിവരാത്രി ദിനത്തിൽ മറ്റു ചിന്തകളൊന്നും കൂടാതെ ശിവാരാധനയിൽ മുഴുകിയാൽ ഒരു കൊല്ലം ആരാധിക്കുന്ന പൂജയുടെ ഫലം കിട്ടും.ധനു മാസത്തിലെ തിരുവാതിരനാളിലാണ് ഞാൻ സ്തംഭ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. ഈ ദിനം ശിവലിംഗമോ വിഗ്രഹമോ ദർശിക്കുന്നവൻ എനിക്ക് സുബ്രഹ്മണ്യനെക്കാൾ പ്രിയപ്പെട്ടവനാണ്. ആദ്യന്തമില്ലാത്ത ലിംഗം, ദർശനത്തിനും പൂജക്കും വേണ്ടി ചെറുതായി ഭവിക്കും. അഗ്നിസ്തംഭമുണ്ടായ പുണ്യഭൂമി അരുണാചലമെന്നു പ്രസിദ്ധി നേടും.”


ശിവരാത്രിയെക്കുറിച്ചു പല ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്. ശിവഭഗവാന്റെ അനുഗ്രഹത്താൽ 18 പുരാണങ്ങളും രചിച്ച വ്യാസദേവന്റെ ശിവപുരാണത്തിൽ പ്രകീർത്തിതമായ മാഹാത്മ്യമാണ് മുകളിൽ പ്രസ്താവിച്ചിട്ടുള്ളത്. തിരുവാതിരയും ശിവരാത്രിയും തമ്മിലുള്ള കാലദൈർഘ്യവും ധനുമാസവും കുംഭമാസവും തമ്മിലുള്ള കാലദൈർഘ്യവും നോക്കുമ്പോൾ ശിവപുരാണത്തിൽ ശിവഭഗവാൻ അരുളിയ ശിവരാത്രി മാഹാത്മ്യം തന്നെയാണ് സ്വീകരിക്കേണ്ടതെന്നു വ്യക്തം .

ശിവരാത്രി വ്രതം അനുഷ്ഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾ ചെയ്യേണ്ടത് ഉപവാസവും ജാഗരണവുമാണ് .ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുകയും രാത്രി ഉറക്കം ഒഴിവാക്കുകയും വേണം .ഇത് മാത്രം പോരാ; ശിവസ്മരണയോടു കൂടി തന്നെ ഈ ദിനം ഉപയോഗപ്പെടുത്തണം ശിവക്ഷേത്രദർശനം, ശിവനാമജപം, ശിവസ്തുതികളുടെ ആലാപനം, പഞ്ചാക്ഷരം (നമശ്ശിവായ), ഷഢാക്ഷരം(ഓം നമശ്ശിവായ) എന്നിവയുടെ ജപം , ശിവസഹസ്രനാമജപം, ശിവപുരാണപാരായണം എന്നിവ ഈ ദിവസം ചെയ്യണം. ആരോഗ്യസ്ഥിതി അനുവദിക്കാത്ത ഒരാൾക്ക് ശിവസ്മരണയിലൂടെ നല്ല ചിന്തയോടു കൂടി ഈ സുദിനത്തിൽ കർമ്മനിരതനാകാം. ഏതെങ്കിലും വിധത്തിൽ ശിവസ്മരണ ഉണ്ടായിരിക്കണമെന്നു മാത്രം. അതിന് മനഃശുദ്ധിയും ശരീരശുദ്ധിയും മാത്രം മതി.

ഉപവാസം അനുഷ്ഠിക്കാൻ പറ്റാത്ത ഒരാൾ ഈ ദിനത്തിൽ പ്രധാനപ്പെട്ട ആഹാരമായ അരിഭക്ഷണം ഒഴിവാക്കുന്നത് നല്ലതാണ്.മറ്റു ധാന്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്താം. മത്സ്യമാംസാദികൾ, ഉള്ളി, എന്നിവ വർജ്ജിക്കണം. പഴകിയ ഭക്ഷണങ്ങൾ ഉപയോഗിക്കരുത് . സാത്വിക ഭക്ഷണമാണ് കഴിക്കേണ്ടത്. ഉപവാസം പറ്റാത്തത് കൊണ്ട് പതിവായി കഴിക്കുന്ന പ്രധാനആഹാരം ഒഴിവാക്കുന്നു എന്നുള്ളതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ ക്ഷമിക്കണമെന്നപേക്ഷിച്ചു കൊണ്ട് വ്രതം അവസാനിപ്പിക്കുകയും ചെയ്യാം.

മനോമാലിന്യങ്ങൾ കൂടാതെ അംബാസമേതനായ ശിവഭഗവാനെ സ്മരിച്ചു കൊണ്ട് ഈ സുദിനത്തിൽ ജീവിക്കുവാൻ എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിച്ചു കൊണ്ട് ഈ ശിവരാത്രി മഹിമ ജഗദ്പിതാക്കൾക്ക് സമർപ്പിക്കുന്നു .

കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
(ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ശിവപുരാണവുമായി ബന്ധപ്പെട്ട രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

Share
Leave a Comment