കോഴിക്കോട്: ദളിത് വിഭാഗത്തിൽപ്പെട്ട അസിസ്റ്റന്റ് പ്രൊഫസറായ സീനിയർ അധ്യാപികയ്‌ക്ക് കാലിക്കറ്റ് സർവകലാശാലയിൽ വകുപ്പ് മേധാവിസ്ഥാനം നൽകില്ല. കഴിഞ്ഞ ദിവസം നടന്ന സിൻഡിക്കേറ്റ് യോഗമാണ് ഇത്തരത്തിൽ തീരുമാനമെടുത്തത്. നിയമനം ഒഴിവാക്കാൻ സർവകലാശാലാനിയമം ഭേദഗതി ചെയ്യാനും സിൻഡിക്കേറ്റിന്റെ മുൻകാല തീരുമാനം നടപ്പാക്കാനും തീരുമാനിച്ചു. വകുപ്പ് മേധാവിയാക്കണമെന്ന അധ്യാപികയുടെ അപേക്ഷ തള്ളുകയായിരുന്നു. റഷ്യൻ ആൻഡ് കമ്പാരറ്റീവ് ലിറ്ററേച്ചർ സീനിയർ അധ്യാപിക, അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. ദിവ്യയെയാണ് മാറ്റിനിർത്തിയത്.
വകുപ്പ് മേധാവിസ്ഥാനം ദളിത് അധ്യാപികയ്‌ക്ക് നിഷേധിച്ചത് നിയമവിരുദ്ധമാണെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ കുറിപ്പ് നൽകിയിരുന്നു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് സിൻഡിക്കേറ്റിന് മുമ്പാകെ ഈ കുറിപ്പ് വെച്ചു. പട്ടികവിഭാഗത്തിന് സംവരണം ചെയ്ത ഒഴിവുകളെല്ലാം മറ്റ് വിഭാഗങ്ങൾക്ക് നൽകിയിരുന്നു. പട്ടികവിഭാഗ നിയമനത്തിൽ ആറ് ഒഴിവുകളാണുള്ളത് ഇതാണ് ഇതര വിഭാഗങ്ങൾക്ക് നൽകിയത്. ഇത് വിവാദമായതോടെയാണ് രജിസ്ട്രാർ വിയോജനക്കുറിപ്പ് നൽകിയത്. നിയമനം ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കുന്നതിനാണ് ഫയൽ വീണ്ടും വെച്ചത്.
ഡിസംബർ 13് ചേർന്ന സർവകലാശാല സിൻഡിക്കേറ്റിലാണ് കത്ത് പരിഗണനയ്‌ക്ക് വന്നത്. അതിന്റെ അടിസ്ഥാനത്തിൽ ദിവ്യയോട് വിശദീകരണം ചോദിക്കാനും നിലവിലുള്ള തസ്തികയിൽ അഞ്ചുവർഷം പൂർത്തിയാകുന്നതുവരെ വകുപ്പ് മേധാവിസ്ഥാനം ദിവ്യക്ക് നൽകേണ്ടെതില്ലെന്നും സിൻഡിക്കേറ്റ് തീരുമാനിച്ചു. എന്നാൽ ഡിസംബർ 30ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിശദീകരണം ചോദിക്കാനുള്ള തീരുമാനം പിൻവലിക്കുകയായിരുന്നു.
തനിക്ക് അവകാശപ്പെട്ട വകുപ്പുമേധാവി സ്ഥാനത്തേക്ക് നിയമിക്കണമെന്ന് ഡോ. ദിവ്യ ആവശ്യപ്പെട്ടു. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും പട്ടികജാതി കമ്മിഷണർക്കും പരാതി നൽകിയിട്ടുമുണ്ട്. പട്ടികജാതി കമ്മിഷൻ വിഷയത്തിൽ സർവകലാശാലയോട് വിശദീകരണം തേടി.
അതത് വകുപ്പുകളിലെ അധ്യാപകർക്ക് സേവനകാലം പരിഗണിക്കാതെ തന്നെ വകുപ്പ് മേധാവിസ്ഥാനം നൽകണമെന്നാണ് സർവകലാശാലാ ചട്ടം. ഇത് മറികടക്കാനാണ് വകുപ്പ് മേധാവികളായി അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിക്കമ്പോൾ അഞ്ച് വർഷത്തെ സേവനപരിചയം നിർബന്ധമാക്കാൻ നിയമഭേദഗതികൊണ്ടു വരാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. സീനിയർ അധ്യാപികയായ ദിവ്യക്ക് നിയമപരമായി അവകാശമുണ്ടായിട്ടും പദവി നിഷേധിച്ചത് പട്ടികജാതി പട്ടിക വർഗ വിഭാഗത്തോടുള്ള അവഗണനയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് വിയോജിപ്പ് രേഖപ്പെടുത്തി.
Comments