തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ സംശയങ്ങൾ നീളുന്നത് മുഖ്യമന്ത്രിയിലേയ്‌ക്കാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് അട്ടിമറിക്കാൻ പലപ്പോഴായി പിണറായി വിജയൻ ശ്രമിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രതിപുരുഷനാണെന്നും ലൈഫ് മിഷൻ അഴിമതിയിൽ സർക്കാരിനുള്ള പങ്ക് എന്താണെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ തുറന്നടിച്ചു.
‘ഇരുപത് കോടിയുടെ ധനസഹായം ലൈഫ് മിഷന് നൽകിയതിലാണ് ഭീമമായ കോഴ നടന്നിരിക്കുന്നത്. നാലു കോടിയിലധികം രൂപ ഈ ഇനത്തിൽ കൈക്കൂലി ആയി നൽകിയെന്നാണ് കേസ്. അതിൽ വലിയ ഒരു തുക കൈപ്പറ്റിയിരിക്കുന്നത് ശിവശങ്കരനാണ്. ലൈഫ് മിഷൻ കോഴക്കേസ് ഇഡി അന്വേഷിക്കാൻ ആരംഭിച്ച സമയത്ത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു. അതിനുശേഷം, ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അന്വേഷങ്ങൾ തടസ്സപ്പെടുത്താൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ടു. സിബിഐ അന്വേഷണം തടസ്സപ്പെടുത്താൻ സുംപ്രീംകോടതിയിൽ കോടി കണക്കിന് രൂപ ചിവലവഴിച്ച് അഭിഭാഷകരെ വച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യൽ കമ്മീഷനെ വച്ചു. ഒരു സർക്കാർ ഇത്രയും പെടാപ്പാട് പെടുന്നത് എന്തിനാണെന്ന് ചിന്തിക്കണം’.
‘ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസിലെ വസ്തുതകൾ പുറത്തു വരാതിരിക്കാൻ ആദ്യം മുതലെ പരിശ്രമിച്ചത് മുഖ്യന്ത്രി പിണറായി വിജയനാണ്. ശിവശങ്കർ അന്വേഷണ ഏജൻസികളോട് സഹകരിക്കാനും തയ്യാറാകുന്നില്ല. ലൈഫ് മിഷന്റെ അഴിമതിയുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേയ്‌ക്കാണ്. മുഖ്യമന്ത്രി അറിയാതെ ശിവശങ്കർ തട്ടിപ്പ് നടത്തുകയില്ല. സ്വർണക്കള്ളക്കടത്ത് കേസിലും ഡോളർ കേസിലും ലൈഫ് മിഷനിലും പ്രതി സ്ഥാനത്തുള്ള ശിവശങ്കരന്റെ എല്ലാ പ്രവൃത്തികളും മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ്. സ്വർണക്കള്ളക്കടത്തു കേസിൽ തൊണ്ടിയായ സ്വർണം വിട്ടുകിട്ടാൻ ശിവശങ്കർ മുഖ്യമന്ത്രിയെ വിളിച്ചു എന്ന് ബിജെപി ആരോപിച്ചിരുന്നു. അന്ന്, എല്ലാവരും ബിജെപിയെ ആക്ഷേപിച്ചു. എന്നാൽ, അന്വേഷണം സംഘം അത് കണ്ടെത്തി ശിവശങ്കറിനെ അറസ്റ്റ് ചെയ്തു’.
‘ശിവശങ്കർ പിണറായിയുടെ പ്രതിപുരുഷനാണ്. മുഖ്യമന്ത്രിക്ക് വേണ്ടി ഒപ്പിടാൻ അവകാശമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സർവ്വാധികാരിയായിരുന്നു. അതുകൊണ്ട് ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ലൈഫ് മിഷൻ കോഴ ഇടപാട് അട്ടിമറിക്കാൻ എന്തിനാണ് സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. കപ്പലിന്റെ അകത്തു തന്നെയാണ് കള്ളൻ. സംശയത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേയ്‌ക്കാണ് തിരിയുന്നത്. സാധാരണക്കാർക്ക് വീട് വയ്‌ക്കാനുള്ള പണത്തിലാണ് കൊള്ള നടന്നിരിക്കുന്നത്. അഴിമതിയുടെ എല്ലാം സൂത്രധാരൻ പിണറായി വിജയനാണ്’ എന്നും സുരേന്ദ്രൻ തുറന്നടിച്ചു.
Comments