ന്യൂഡൽഹി : ഛത്തീസ്ഗഢിലെ സുക്മയിൽ 34 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ഇതിൽ 1 ലക്ഷം രൂപ തലയ്‌ക്ക് വില പറഞ്ഞ നാല് പേരും ഉൾപ്പെടുന്നു. സിആർപിഎഫ് ഉദ്യോഗസ്ഥർക്കും ഛത്തീസ്ഗഢ് പോലീസ് സേനയ്‌ക്കും മുന്നിൽ ഇവർ സ്വയം കീഴടങ്ങുകയായിരുന്നു. ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലെ സുരക്ഷ സേനയുടെ പ്രയത്‌നത്തിന്റെ വിജയമായാണ് ഇതിനെ കണക്കാക്കുന്നതെന്ന് സുക്മ പോലീസ് പ്രതികരിച്ചു.
തലയ്‌ക്ക് വില പറഞ്ഞ ദിർദോ മുദ, ഹിദ്മ, വാജം ഹിദ്മ എന്നിവരും കീഴടങ്ങിയവരിൽ ഉൾപ്പെട്ടിട്ടുണ്ട്. സിആർപിഎഫിന്റെ 201 കോബ്ര ബറ്റാലിയനു മുന്നിൽ മുമ്പ് മദ്വി വാഗ എന്ന ഭീകരൻ കീഴടങ്ങിയിരുന്നു. ഇയാളുടെ തലയ്‌ക്കും 1 ലക്ഷം രൂപ വില പറഞ്ഞിരുന്നു. ജൻമിലീഷ്യ കമാൻഡറായിരുന്ന ഇയാൾ 2016-ലാണ് തീവ്രവാദ സംഘടനയിൽ ചേരുന്നത്. തുടർന്ന് ചിന്തൽനാർ, ജഗർഗുണ്ട മേഖലകളിൽ സജീവമായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിൽ സുരക്ഷ സേനയുടെയും ഛത്തീസ്ഗഢ് പോലീസിന്റെയും ആസൂത്രിത ഇടപെടലുകളുടെ അടിസ്ഥാനത്തിൽ നിരവധി
കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് പിടികൂടിയത്. സേന പ്രദേശത്ത് കൂടുതൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Comments