കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിക്ക് കുരുക്കായി വാട്സ്ആപ്പ് ചാറ്റ്. എം.ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റാണ് പുറത്ത് വന്നിരിക്കുന്നത്. ലൈഫ് മിഷൻ കേസിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വാട്സ്ആപ്പ് ചാറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചാറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് പരാമർശിക്കുന്നുണ്ട്. സ്വപ്നാ സുരേഷിന് ജോലിവാങ്ങി നൽകണമെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞുവെന്നുള്ള ശിവശങ്കറിന്റെ സന്ദേശമാണ് റിപ്പോർട്ടിലുള്ളത്.
2019 ജൂലായ് 31-ന് അയച്ച ചാറ്റാണ് ഇത്. രാത്രി 11.46-നാണ് സ്വപ്നയ്‌ക്ക് ശിവശങ്കർ സന്ദേശം അയച്ചിരിക്കുന്നത്. ‘നിനക്കൊരു ജോലി വാങ്ങിത്തരാൻ സിഎം എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, അത് വലിയ പദവിയൊന്നുമാകില്ല, ശമ്പളം നേരത്തേയുള്ളതിന്റെ ഇരട്ടി കിട്ടുകയും ചെയ്യും’ എന്നാണ് ശിവശങ്കറിന്റെ സന്ദേശം. ഇതേക്കുറിച്ച് ശിവശങ്കറിനോട് ചോദിച്ചതിൽ, ജോലിനഷ്ടമായ സ്വപ്നയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി.
സ്പേസ് പാർക്ക് പ്രോജക്ടിനായി സ്വപ്നയെ പിഡബ്ല്യുസി തിരഞ്ഞെടുത്ത വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായി ശിവശങ്കർ സമ്മതിച്ചു(നയതന്ത്ര സ്വർണക്കടത്തു നടക്കുന്ന സമയം സ്വപ്നാ സുരേഷ് സ്പേസ് പാർക്കിൽ ജോലി ചെയ്യുകയായിരുന്നു). നാലരക്കോടിയുടെ കമ്മീഷൻ തുകയിൽ സർക്കാർ പ്രതിനിധികൾക്കും പണം നൽകിയെന്ന മൊഴിയിലും ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്മീഷൻ ഇടപാടുകളിലെ ഉന്നത ബന്ധങ്ങളിലേയ്‌ക്ക് അന്വേഷണം കടന്നിരിക്കുകയാണ്.
Comments