തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികളെ മുരളീധരൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെങ്കിൽ പുറത്തിറങ്ങേണ്ടെന്ന സന്ദേശമാണ് ജനത്തിന്. മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട് സൂക്ഷിക്കുക എന്ന ബോർഡ് വയ്‌ക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്നും മുരളീധരൻ പറഞ്ഞു.
ലൈഫ് മിഷൻ കോഴ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണം. എങ്കിലേ സത്യം പുറത്ത് വരൂ. അല്ലെങ്കിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ അന്വേഷണം രണ്ടാം അദ്ധ്യായമായി അസാനിക്കും. മുഖ്യമന്ത്രി രാജിവെയ്‌ക്കുന്നതാണ് മാന്യത. ഇല്ലെങ്കിൽ നാണംകെട്ട് പുറത്ത് പോകേണ്ടി വരും.
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിലും കോൺഗ്രസ് നേതാവ് പ്രതികരിച്ചു. കോൺഗ്രസിന്റെ പരാതി അക്ഷരാർത്ഥത്തിൽ ശരി വെയ്‌ക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം തന്നെ നടത്തണം. ആസൂത്രിത കൊലപാതകമായിരുന്നു ഷുഹൈബിന്റേത്. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പാർട്ടി വിഷയം പരിശോധിക്കുമെന്നും മുരളീധരൻ പറഞ്ഞു.
















Comments