അന്താരാഷ്‌ട്ര ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെന്റക്കി ഫ്രൈഡ് ചിക്കന് ‘ചിക്കൻ’ എന്ന വാക്കിന്മേൽ പ്രത്യേക അവകാശം ഉന്നയിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ‘ചിക്കൻ’ എന്ന വാക്ക് കെഎഫ്‌സിയുടെ മാത്രം കുത്തകയല്ലെന്നും ഹൈക്കോടതി പറഞ്ഞു.
2018 ഡിസംബറിൽ, ചിക്കൻ സിംഗർ എന്ന വാക്ക് വ്യാപാരമുദ്രയായി രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെട്ട സീനിയർ ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെതിരെ കെഎഫ്‌സി നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ജസ്റ്റിസ് സഞ്ജീവ് നരുലയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ചിക്കൻ എന്ന വാക്കിൽ ഹർജിക്കാരന് പ്രത്യേക അവകാശങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല ഉത്തരവ് റദ്ദാക്കിയ കോടതി, ചിക്കൻ സിംഗർ വ്യാപാരമുദ്രയായി രജിസ്‌ട്രേഷൻ ചെയ്യാനുള്ള കെഎഫ്‌സിയുടെ അപേക്ഷയുമായി മുന്നോട്ട് പോകാനും മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കാനും ട്രേഡ്മാർക്ക് രജിസ്ട്രിയോട് നിർദേശിച്ചു.
‘മികച്ച ഒരു കാര്യം, ‘പഞ്ച് ലൈൻ’, ‘ഒരു അപ്രതീക്ഷിത വഴിത്തിരിവ്’ എന്നൊക്കെയാണ് ‘സിംഗർ’ എന്ന വാക്കിന് നിഘണ്ടുവിൽ പറയുന്ന അർത്ഥം എന്നും ‘ചിക്കൻ’ എന്ന വാക്കിനൊപ്പം ‘സിംഗർ’ ഉപയോഗിക്കുന്നതിന് പ്രശ്‌നമൊന്നുമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
ഹർജിയിൽ ‘ചിക്കൻ’, ‘സിംഗർ’ എന്നീ രണ്ട് വാക്കുകൾ അടങ്ങിയിട്ടുണ്ടെന്നും അവ ഒരുമിച്ച് ഉപയോഗിക്കുന്നതിന്, നൽകുന്ന വസ്തുവുമായോ സേവനങ്ങളുമായോ ബന്ധമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
എന്നാൽ ‘സിംഗർ’, ‘പനീർ സിംഗർ’ എന്നീ പദങ്ങളുടെ രജിസ്‌ട്രേഷൻ കെഎഫ്സി കൈവശം വച്ചിട്ടുണ്ടെന്നും ‘ചിക്കൻ സിംഗർ’ എന്നതിന്റെ രജിസ്‌ട്രേഷൻ നിരസിച്ചത് ‘ചിക്കൻ’ എന്ന വാക്ക് ഉപയോഗിച്ചതിനെ അടിസ്ഥാനമാക്കിയാണെന്നും കോടതി വ്യക്തമാക്കി.
















Comments