പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് കർഷകൻ. ഷൊർണൂർ കാരക്കാട് കുറ്റിക്കാട്ടിൽ കൃഷ്ണദാസാണ് (56) ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. വളർത്തു പശുക്കളാണ് കാട്ടുപന്നിയിൽ തിന്നും തന്നെ രക്ഷിച്ചതെന്ന് കൃഷ്ണദാസ് പറയുന്നു. കവളപ്പാറ കാരക്കാട് എരുമേലി പാടത്ത് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
പാടത്ത് കൊയ്‌ത്ത് കഴിഞ്ഞിരുന്നു. ചിതറി കിടന്നിരുന്ന വൈക്കോൽ തിരഞ്ഞു നൽകി പശുക്കളോടൊപ്പം നിൽക്കുകയായിരുന്നു കർഷകൻ. പശുക്കളെ മേയ്‌ക്കുന്നതിനിടയ്‌ക്ക് തണൽ കണ്ടപ്പോൾ അവിടെ അൽപം നേരം വന്നിരുന്നു. ഇതിനിടയ്‌ക്കായിരുന്നു കാട്ടുപന്നി അരികിലേക്ക് പാഞ്ഞുവന്നത്. ഓടിവന്ന കാട്ടുപന്നി കൃഷ്ണദാസിനെ കുത്തിമറിച്ചിട്ടു. ബഹളം കേട്ട് തൊട്ടുപിന്നാലെ കൃഷ്ണദാസിന്റെ പശുക്കളും ഓടിവന്നു. പശുക്കളുടെ വരവ് കണ്ട് ഭയന്ന കാട്ടുപന്നി ഓടിമറയുകയായിരുന്നുവെന്ന് കൃഷ്ണദാസ് പറയുന്നു.
തുടർന്ന് പരിക്കേറ്റ കൃഷ്ണദാസ് ഷൊർണൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പന്നിയുടെ കുത്തേറ്റതിനാൽ കൃഷ്ണദാസിന് സാരമായ പരിക്കുണ്ട്. എങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
















Comments