കറാച്ചി: ദാരിദ്രവും സാമ്പത്തിക പ്രതിസന്ധിയും പിടിമുറുക്കിയ പാകിസ്താൻ തുർക്കിയിലെ ഭൂകമ്പ ബാധിതരെ സഹായിക്കുമെന്ന് പറഞ്ഞത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭക്ഷണം പോലും ആവശ്യത്തിന് ഇല്ലാത്ത ജനതയുടെ നാട്ടിൽ നിന്നും എന്ത് സഹായമാണ് നൽകാൻ പോകുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ അടക്കം ഉറ്റുനോക്കിയിരുന്നു. എന്നാൽ ദുരിതബാധിതരോട് പോലും പാകിസ്താൻ കാണിക്കുന്ന നെറികേടിന്റെ കഥയാണ് പുറത്ത് വന്നിരിക്കുന്നത്.
2022-ൽ പാകിസ്താനിൽ പ്രളയം ഉണ്ടായപ്പോൾ തുർക്കി നൽകിയ അവശ്യ വസ്തുക്കളാണ് തിരിച്ച് ഭുകമ്പ ബാധിതർക്കായി പാക് സർക്കാർ അടിയന്തര സഹായം എന്നപേരിൽ അയച്ച് നൽകിയത്. അന്ന് കൃത്യമായി വിതരണം ചെയ്യാതെ ഗോഡൗണുകളിൽ കെട്ടികിടന്ന വസ്തുക്കൾ മനോഹരമായി പാക്ക് ചെയ്താണ് വീണ്ടും അയച്ചത്. ഭക്ഷ്യ വസ്തുക്കൾ അടക്കം ഇതിൽ ഉൾപ്പെടും. പാകിസ്താനിലെ മുതിർന്ന പത്രപ്രവർത്തകൻ ഷാഹിദ് മൻസൂദാണ് പാക് സർക്കാറിന്റെ വികൃതമുഖം ലോകത്തിന് തുറന്നുകാട്ടിയത്.
പാകിസ്താന്റെ സി-130 വിമാനത്തിലാണ് അവശ്യ വസ്തുക്കൾ എന്ന പേരിൽ പഴകിയ വസ്തുക്കൾ തുർക്കിയിലെ അങ്കാറ വിമാനത്താവളത്തിൽ എത്തിച്ചത്. ഉപയോഗ ശൂന്യമായ വസ്തുക്കളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തുർക്കി സർക്കാർ ഇവ പാകിസ്താനിലേക്ക് തന്നെ തിരികെ എത്തിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മുൻകൈ എടുത്താണ് തുർക്കിയിലേക്ക് അവശ്യ വസ്തുക്കൾ എന്ന പേരിൽ പഴകിയ ഉപയോഗ ശൂന്യമായ വസ്തുക്കൾ എത്തിക്കാൻ ശ്രമിച്ചത്.
Comments