ന്യൂഡൽഹി: വഖഫ് ബോർഡിന് യുപിഎ സർക്കാർ ‘സമ്മാനമായി’ നൽകിയ സ്വത്തുക്കൾ തിരിച്ചെടുത്ത് മോദി സർക്കാർ. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഡൽഹി വഖഫ് ബോർഡിന് യുപിഎ സർക്കാർ നൽകിയ സ്വത്തുക്കളാണ് കോടതി നിർദേശ പ്രകാരം കേന്ദ്രസർക്കാർ തിരിച്ചെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഡൽഹിയിലെ 123 വസ്തുവകകളിൽ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നോട്ടീസ് പതിച്ചു. പ്രസ്തുത സ്വത്തുക്കൾ ഇനിമുതൽ ഡൽഹി വഖഫ് ബോർഡിന്റെ കീഴിലുള്ളതല്ലെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.
മസ്ജിദുകൾ, ദർഗകൾ, സെമിത്തേരികൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നവയാണ് സ്വത്തുക്കൾ. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നയിക്കുന്ന യുപിഎ സർക്കാർ കോടിക്കണക്കിന് വിലമതിക്കുന്ന സ്വത്തുക്കൾ വഖഫ് ബോർഡിന് ദാനം നൽകിയതിനെ ചോദ്യം ചെയ്ത് വിശ്വ ഹിന്ദു പരിഷത്തായിരുന്നു രംഗത്തെത്തിയത്. തുടർന്ന് കോടതിയെ സമീപിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ രണ്ട് സമിതികളെയാണ് കോടതി നിയോഗിച്ചത്. ഡൽഹി ഹൈക്കോടതി മുൻ ജഡ്ജിയടക്കമുള്ളവർ അന്വേഷണ സമിതിയിലുണ്ടായിരുന്നു.
ഇതിന് ശേഷം കേസുമായി ബന്ധപ്പെട്ട് ഡൽഹി വഖഫ് ബോർഡിന് വാദങ്ങൾ നിരത്താനുള്ള സമയം കോടതി നൽകിയെങ്കിലും നിർദിഷ്ട സമയത്തിനുള്ളിൽ നടപ്പാക്കാൻ ബോർഡിന് കഴിഞ്ഞില്ലെന്നായിരുന്നു അന്വേഷണ സമിതിയുടെ റിപ്പോർട്ട്. തുടർന്ന് 123 വസ്തുവകകളിലും പരിശോധന നടത്താൻ കോടതി ഉത്തരവിടുകയും കേസുമായി ബന്ധപ്പെട്ട സ്വത്തുക്കളുടെ കാര്യങ്ങളിൽ നിന്നും ബോർഡിനെ ഒഴിവാക്കുകയുമായിരുന്നു.
കേസിന്റെ വിചാരണകൾ പുരോഗമിക്കുന്നതിനിടെ സ്വത്തുക്കൾ വഖഫ് ബോർഡിന്റേതാണെന്ന് തെളിയിക്കാൻ കോടതി അവസരം നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വഖഫ് ബോർഡ് പരാജയപ്പെട്ടു. തുടർന്നാണ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും വഖഫ് ബോർഡിനെ ഒഴിവാക്കി കോടതി ഉത്തരവിറക്കിയത്.
Comments