തൃശ്ശൂർ: അനശ്വരനായ നടൻ മുരളിയുടെ വെങ്കല പ്രതിമ നിർമ്മിക്കുന്നതിൽ പിഴവ് വരുത്തിയ ശിൽപിക്ക് അക്കാദമി നൽകിയ 5.70 ലക്ഷം രൂപ എഴുതിതള്ളി സംസ്ഥാന ധനവകുപ്പ്. മുരളിയുടെ അർദ്ധകായ വെങ്കല പ്രതിമ നിർമ്മിക്കുന്നതിലായിരുന്നു ശില്പി വിൽസൺ പൂക്കായിക്ക് പിഴവ് പറ്റിയത്. നിർമ്മാണ പ്രവർത്തനം കഴിഞ്ഞപ്പോൾ നടനുമായി യാതൊരു രൂപസാദൃശ്യവുമില്ലാത്ത ശിൽപമാണ് പൂർത്തിയായത്.
വെങ്കലം ഉൾപ്പെടെ അതിമനോഹരമായ നിരവധി സിനിമകൾ സമ്മാനിച്ച നടനാണ് മുരളി. മരണം കവർന്നെടുത്തുവെങ്കിലും ഇന്നും എല്ലാവരുടെയും മനസ്സിൽ അദ്ദേഹമുണ്ട്. അദ്ദേഹത്തിന്റെ വെങ്കലപ്രതിമയുടെ പ്രാഥമികരൂപം കണ്ടവരെല്ലാം ഒരേസ്വരത്തിൽ ഇത് മുരളിയല്ല എന്നാവർത്തിച്ചു. മഹാനായ ഒരു കലാകാരനെ ഇങ്ങനെയും അവഹേളിക്കണമായിരുന്നോ എന്നാണ് സമൂഹമാദ്ധ്യമത്തിൽ ഉയരുന്ന ചോദ്യം.
2009-ൽ സംഗീതനാടക അക്കാദമി ചെയർമാനായിരിക്കെയാണ് മുരളി വിട പറഞ്ഞത്. അന്ന് അദ്ദേഹത്തിന്റെ കരിങ്കൽശില്പം അക്കാദമിയിൽ സ്ഥാപിച്ചു. എന്നാൽ ഇതിന് അദ്ദേഹവുമായി സാമ്യമില്ലെന്ന ആക്ഷേപം തീർക്കാൻ വെങ്കലത്തിൽ മറ്റൊന്ന് നിർമ്മിക്കാൻ പദ്ധതിയിട്ടു. തുടർന്ന് വിൽസണുമായി കരാർ ഉണ്ടാക്കി. ശില്പം അക്കാദമി വളപ്പിലെ തുറസ്സരങ്ങിന് സമീപം സ്ഥാപിക്കാനായിരുന്നു തീരുമാനം.
വെങ്കല പ്രതിമയ്‌ക്കായി 5.70 ലക്ഷം രൂപ നിർമ്മാണച്ചെലവാണ് കണക്കാക്കിയാണ് കരാർ നൽകിയത്. പ്രതിമയുടെ കലാരൂപപരമായ കാര്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കാൻ ലളിതകലാ അക്കാദമി ചെയർമാനായിരുന്ന നേമം പുഷ്പരാജിനെയും സർക്കാർ ചുമതലപ്പെടുത്തി. പക്ഷേ പ്രതിമയുടെ മോൾഡിനുള്ള മാതൃക മുരളിയുമായി രൂപസാദൃശ്യമില്ലാത്തതാണെന്ന് നേമം പുഷ്പരാജ് സാക്ഷ്യപ്പെടുത്തി. വെങ്കല പ്രതിമയുടെ പ്രാഥമികരൂപം കണ്ടവരെല്ലാം മുരളിയുടെ രൂപസാദൃശ്യമില്ലെന്ന് പ്രതികരിച്ചു. രൂപമാറ്റത്തിന് നിരവധി തവണ അക്കാദമി ആവശ്യപ്പെട്ടു. തുടർന്ന് ഫലമില്ലാതായതോടെ ശിൽപിയുടെ കരാർ റദ്ദാക്കാനും മുൻകൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്‌ക്കാനും അക്കാദമി ഉത്തരവിട്ടു.
എന്നാൽ പണം തിരിച്ചടയ്‌ക്കാൻ നിവൃത്തിയില്ലെന്ന് വിൽസൺ അറിയിച്ചതോടെ നികുതി ഉൾപ്പെടെ മുഴുവൻ തുകയും വ്യവസ്ഥകളോടെ എഴുതിത്തള്ളുകയായിരുന്നു ധനവകുപ്പ്. അനുവദിച്ചതിലും കൂടുതൽ തുക പ്രതിമയുടെ പ്രാഥമിക ചെലവിന് വേണ്ടിവന്നതിനാലും മറ്റു വരുമാനമാർഗമൊന്നും ഇല്ലാത്തതിനാലും 5.70 ലക്ഷം രൂപ തിരിച്ചടയ്‌ക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു അക്കാദമിയോട് ശില്പിയുടെ അപേക്ഷ. വിൽസണിന്റെ അപേക്ഷ കഴിഞ്ഞ ജൂലൈയിൽ ചേർന്ന അക്കാദമി നിർവാഹക സമിതി ചർച്ച ചെയ്യുകയും തുക എഴുതിത്തള്ളണമെന്ന അപേക്ഷ സർക്കാരിന് കൈമാറുകയും ചെയ്തു. സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ഇത് അംഗീകരിച്ചതോടെ 5.70 ലക്ഷം രൂപ എഴുതിത്തള്ളാനും നഷ്ടം അക്കാദമി വഹിക്കാനും വകുപ്പ് ഉത്തരവിട്ടു.
അതേസമയം മുരളിയുടെ പേരിൽ അക്കാദമിയിൽ ഇപ്പോൾ തിയേറ്റർ ഉണ്ട്. കൊട്ടാരക്കരയ്‌ക്കടുത്ത് ജന്മനാടായ കുടവട്ടൂരിൽ നാടക പഠനകേന്ദ്രം ഒരുക്കുമെന്നു ഇടതുസർക്കാർ പ്രഖ്യാപിച്ചിരുന്നു. മുൻമന്ത്രി എം.എ. ബേബിയുടെ താത്പര്യമായിരുന്നു പഠനകേന്ദ്രം ഒരുക്കുക എന്നത്. എന്നാൽ ഇത് യാഥാർത്ഥ്യമായില്ല.
Comments