ഗുവാഹത്തി: ശൈശവ വിവാഹത്തിന് എതിരെയുള്ള പോരാട്ടം ശക്തമായി തുടർന്ന് അസം സർക്കാർ. സംസ്ഥാന വ്യാപകമായി നടപടി ആരംഭിച്ചതിന് ശേഷം രണ്ടാഴ്ചയ്‌ക്കിടെ പോലീസ് 4,244 കേസുകൾ രജിസ്റ്റർ ചെയ്യ്തു. ഇതിൽ ഫെബ്രുവരി 17 വരെ 3,058 വ്യക്തികളെ അറസ്റ്റ് ചെയ്തെന്നും അസം ഡിജിപി, ജി.പി. സിംഗ് പറഞ്ഞു.
കഴിഞ്ഞ വർഷം ആരോഗ്യ വിദഗ്‌ദ്ധർ നടത്തിയ സർവേകളിൽ ധുബ്രി, സൗത്ത് സൽമാര, ബാർപേട്ട, ഗോൾപാറ തുടങ്ങിയ ജില്ലകളിൽ ശൈശവ വിവാഹത്തിന്റെ തോത് വളരെ തലാണെന്ന വിവരം കണ്ടെത്തിയിരുന്നു. അധികം കേസുകളും അറസ്റ്റുകളും ഈ ജില്ലകളിൽ നിന്നാണെന്നും ഡിജിപി സിംഗ് കൂട്ടിച്ചേർത്തു.
അതേസമയം രണ്ട് വർഷത്തിനകം അസമിൽ ശൈശവ വിവാഹം തടയാനായി ശക്തമായ നിയമ സംവിധാനം ഉണ്ടാക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. നിരവധിപേർ ഉൾപ്പെടുന്ന ഈ ദൗത്യത്തിന് മതിയായ ബഡ്ജറ്റ് പിന്തുണ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ പോലീസ് സൂപ്രണ്ടുമാരുമായും ഡെപ്യൂട്ടി കമ്മീഷണർമാരുമായും നടത്തിയ കോൺഫറൻസിന് ശേഷമാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുവാഹത്തിയിലെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളേജിൽ നടന്ന കോൺഫറൻസിൽ ഗാവ് പഞ്ചായത്തുകളുടെ സെക്രട്ടറിമാരും പങ്കെടുത്തായി ബിശ്വ ശർമ്മ വ്യക്തമാക്കി.
ശൈശവ വിവാഹം നടത്തുന്നവർക്കെതിരെ സാധ്യമായ ഏറ്റവും കഠിനമായ നടപടി സ്വീകരിക്കും. ഓരോ ആറുമാസം കൂടുമ്പോൾ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ സർക്കാർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കോൺഫറൻസിന് ശേഷം പ്രാദേശിക മാദ്ധ്യമങ്ങളോട് സംസാരിക്കവെ ശർമ്മ പറഞ്ഞു. സർക്കാർ, നിയമത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് നടപടിയെടുക്കുമെന്നും, രണ്ട് വർഷത്തിനുള്ളിൽ ശൈശവ വിവാഹം തടയാൻ കഴിയുന്ന സാങ്കേതികപദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശൈശവ വിവാഹ കേസുകൾ റിപ്പോർട്ട് ചെയ്യാൻ കോൾ സെന്ററുകൾ സ്ഥാപിക്കും, തുടർന്ന് അന്വേഷണത്തിലൂടെ കുടുംബത്തിന് നോട്ടീസ് അയക്കും. കാലക്രമേണ ശൈശവ വിവാഹമില്ലാത്ത സംസ്ഥാനമായി അസം മാറുമെന്നും മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു.
നിലവിൽ നിരവധി കുടുംബങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങൾ റദ്ദാക്കിയതായി സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ച ശർമ്മ ട്വീറ്റ് ചെയ്തിരുന്നു. ശൈശവ വിവാഹത്തിനെതിരായ സർക്കാരിന്റെ നടപടിയ്‌ക്ക് ലഭിച്ച മികച്ച പ്രതികരണമാണിതെന്നും ട്വീറ്റിൽ പറയുന്നു.
ശൈശവ വിവാഹം ഒരു സാമൂഹിക വിപത്താണെന്നും ഈ ദുരാചാരം അവസാനിപ്പിക്കുന്നത് ഉറപ്പാക്കാൻ അസം സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കുറ്റകൃത്യത്തിന്റെ “പ്രതികളെയും കുറ്റവാളികളെയും” പിടികൂടുക എന്ന ലക്ഷ്യത്തിലാണ് അസം സർക്കാർ പ്രവർത്തിക്കുന്നത്. ഇതിൽ അവരുടെ മതവുമായി യാതൊരു ബന്ധമില്ലെന്നും ശർമ്മ വ്യക്തമാക്കി.
ശൈശവ വിവാഹ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ 2,950 പുരുഷന്മാരും 93 സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 3047 അറസ്റ്റുകളിൽ 251 പേർക്ക് മാത്രമേ ജാമ്യം ലഭിച്ചിട്ടുള്ളൂ. ഈ കുറ്റങ്ങൾ ചുമത്തി കേസെടുത്ത 6,700 പേരിൽ 2,587 പേരെ ജുഡീഷ്യൽ കസ്റ്റഡിയിലും 56 പേരെ പോലീസ് കസ്റ്റഡിയിലും അയച്ചതായി ശർമ്മ അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ പോക്സോ നിയമ പ്രകാരവും 2006ലെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
നാഷണൽ ഫാമിലി ഹെൽത്ത് സർവേ (NFHS-5) പ്രകാരം, 20 നും 24 നും ഇടയിൽ പ്രായമുള്ള ധുബ്രിയിലെ 50.8 ശതമാനം സ്ത്രീകളും 18 വയസ്സിന് മുമ്പ് വിവാഹിതരായിരുന്നു. ഇതിൽ 15-19 വയസ് പ്രായമുള്ള 22.4 ശതമാനം പേർ അമ്മമാരും, ഗർഭിണികളും ആയിരുന്നു.
Comments