അടുത്ത 4-5 ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ താപനില വർദ്ദിക്കാൻ സാധ്യത. പരമാവധി താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. അതേസമയം അടുത്ത രണ്ട് ദിവസത്തിന് ശേഷം ഗുജറാത്ത് ഒഴികെയുള്ള പ്രദേശങ്ങളിൽ താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ താപനില കൂടിയും കുറഞ്ഞും നിൽക്കാനാണ് സാധ്യതകൾ.
അടുത്ത 2-3 ദിവസത്തേക്ക് ഗുജറാത്തിന്റെ പല ഭാഗങ്ങളിലും മഹാരാഷ്ട്ര-ഗോവ തീരങ്ങളിലും പരമാവധി താപനില 37 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ആയേക്കാം. ഫെബ്രുവരി 21 മുതൽ 23 വരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽപ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച ഷിംലയിൽ ഏറ്റവും കുറഞ്ഞ താപനിലയായ 14.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2015 ന് ശേഷം ഏറ്റവും ഉയർന്ന താപനിലയായ 14.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായും റിപ്പോർട്ട് ചെയ്തു.
ഡൽഹിയിലെ ഏറ്റവും ഉയർന്ന താപനില ഞായറാഴ്ച 31 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും അടുത്ത ആഴ്ച അവസാനത്തോടെ തെളിഞ്ഞ അന്തരീക്ഷത്തിലേക്ക് എത്തുമെന്നും ഐഎംഡി അറിയിച്ചു. അടുത്ത കുറച്ച് ദിവസങ്ങളിൽ തലസ്ഥാനത്ത് ഉടനീളം പകൽസമയത്തെ താപനില ഉയരുമെന്നും പ്രതീക്ഷിക്കുന്നു. പരമാവധി 32 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നുമാണ് റിപ്പോർട്ടുകൾ.
Comments