പാട്ന: 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കനത്ത തിരിച്ചടി. ജനതാദൾ യുണൈറ്റഡിന്റെ ദേശീയ പാർലമെന്ററി ബോർഡ് അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്‌വാഹ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചു. തേജസ്വി യാദവിനെ പിൻഗാമിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് ഉപേന്ദ്ര കുശ്‌വാഹ യുടെരാജി. രാജിവെച്ചതിന് പിന്നാലെ അദ്ദേഹം രാഷ്‌ട്രിയ ലോക് ജനതാദൾ എന്ന പുതിയ പാർട്ടി രൂപികരിച്ചു.
2025-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാഗഡ് ബന്ധനെ തേജസ്വി യാദവാണ് നയിക്കുകയെന്ന് പ്രഖ്യാപിച്ചത് മുതൽ ഉപേന്ദ്ര കുശ്‌വാഹയും മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിൽ തർക്കമുണ്ട്. ഈ നീക്കം സംസ്ഥാനത്തിന്റെ ലവ്-കുഷ് സമവാക്യത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രിയെ എതിർത്ത കുശ്‌വാഹ പറഞ്ഞു. ഈ രണ്ട് ജാതികളും യാദവരുടെ എതിരാളികളാണ്. മഹാഗഡ് ബന്ധൻ സർക്കാർ രൂപീകരിച്ചതിന് ശേഷം ആർജെഡിയും നിതീഷ്കുമാറും തേജസ്വി യാദവിന്റെ സഹായം സ്വീകരിച്ചതിൽ ലവ-കുഷ (കുർമി- കൊയ്രി) ജനങ്ങളിൽ വലിയൊരു വിഭാഗം അതൃപ്തരാണ്. കുശ്‌വാഹയും ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു. നിതീഷ് കുമാർ തന്റെ രാഷ്‌ട്രീയ അഭിമാനം പണയം വച്ചുവെന്നും കുശ്‌വാഹ ആരോപിച്ചു.
കൂടാതെ താൻ പേര് പരാമർശിക്കാത്ത ആർജെഡിയുടെ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ഭാവി നേതാവായി പ്രഖ്യാപിച്ചതിലുള്ള എതിർപ്പ് പരോക്ഷമായി പ്രകടിപ്പിക്കുകയും ചെയ്തു. 2021 മാർച്ചിൽ രാഷ്‌ട്രീയ ലോക് സമതാ പാർട്ടിയെ ജെഡിയുവിലേക്ക് ലയിപ്പിച്ച് അംഗത്വമെടുത്തതാണ് കുശ്‌വാഹ. ജഹനാബാദ്, ഗയ, അർവാൾ, ഔറംഗബാദ്, അരാ, റോഹ്താസ്, ബക്‌സർ, സമസ്തിപൂർ എന്നിവ ഉൾപ്പെടുന്ന മഗധ് – ഷഹാബാദ് ഡിവിഷനിലെ വിവിധ ജില്ലകളിലെ കുശ്‌വാഹ വിഭാഗത്തിലെ വോട്ടർമാരുടെ ഉറച്ച പിന്തുണ അദ്ദേഹത്തിനുണ്ട് . ഉപേന്ദ്ര കുശ്‌വാഹയ്‌ക്കൊപ്പമുള്ള അനുയായികളിൽ ഭൂരിഭാഗവും ഈ മേഖലയിൽ നിന്നുള്ളവരാണ്.















