ചെന്നെെ : ഡിഎംകെയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ ആകർഷിക്കാൻ പ്രഷർ കുക്കറുകളും പട്ടുസാരികളും വിതരണം ചെയ്തതിനാണ് ഡിഎംകെയെ അണ്ണാമലൈ കടന്നാക്രമിച്ചത്. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ഈറോഡ്-ഈസ്റ്റ് അസംബ്ലി സീറ്റിൽ മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർത്ഥി കെ എസ് തെന്നരസുവിന് വേണ്ടിയുള്ള പ്രചാരണ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് പ്രഷർ കുക്കറും പട്ടുസാരികളും ഡിഎംകെ വിതരണം ചെയ്യുന്നത്. സൗജന്യവിതരണത്തിലൂടെ ജനങ്ങളെ പറ്റിച്ച് തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്നാണ് ഡിഎംകെ കരുതുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) ബിജെപി പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ എഐഎഡിഎംകെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.
ഡിഎംകെ അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചില്ല. പകരം ജനങ്ങൾക്ക് ലഭിക്കുന്നത് ഉപയോഗശൂന്യമായ പ്രഷർ കുക്കറാണെന്നും അത് പൊട്ടിത്തെറിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. ക്രമസമാധാനം ഉൾപ്പെടെ എല്ലാ ഉത്തരവാദിത്തങ്ങളിലും പരാജയപ്പെട്ട ഡിഎംകെ സർക്കാരിനെതിരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ ജനങ്ങളെ ഏറ്റെടുക്കാൻ ഡിഎംകെയ്‌ക്ക് കഴിയില്ലെന്നും, എൻഡിഎ സ്ഥാനാർത്ഥി കെ എസ് തെന്നരസു വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അണ്ണാമലൈ കൂട്ടിചേർത്തു.
ജനുവരിയിലാണ് തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 27 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും. മുൻ കേന്ദ്രമന്ത്രി ഇവികെഎസ് ഇളങ്കോവന്റെ മകനും സാമൂഹിക പരിഷ്കർത്താവുമായ ഇ വി രാമസാമിയുടെ ചെറുമകനും കോൺഗ്രസ് എംഎൽഎയുമായ തിരുമഗന്റെ മരണത്തെ തുടർന്നാണ് തമിഴ്‌നാട്ടിലെ ഈറോഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
















Comments