ന്യൂഡൽഹി: തുർക്കിയിലെ സജീവ രക്ഷാപ്രവർത്തനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ മെഡിക്കൽ സംഘത്തെ പ്രശംസിച്ച് ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ. സമയോചിതമായ തീരുമാനവും ദൗത്യ സംഘാംഗങ്ങൾ തമ്മിലുള്ള പരസ്പര ഏകോപനവുമാണ് തുർക്കിയിൽ രക്ഷാപ്രവർത്തനത്തിൽ ഇന്ത്യയെ മുന്നിലെത്തിക്കാനുള്ള കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച ഡൽഹി കന്റോൺമെന്റിലെ നളന്ദ ഓഡിറ്റോറിയത്തിൽ ദൗത്യസംഘത്തിന് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുർക്കിയിൽ ആദ്യം എത്തിയ മെഡിക്കൽ ക്യാമ്പുകളിൽ ഒന്നാണ് ഇന്ത്യയുടേത്. സമയോചിതമായ തീരുമാനവും ദൗത്യ സംഘാംഗങ്ങളും തമ്മിലുള്ള മികച്ച പരസ്പര ഏകോപനവുമാണ് ഇന്ത്യൻ മെഡിക്കൽ ക്യാമ്പിന്റെ വിജയം. ദുരന്തഭൂമിയിൽ സംഘം ആറ് മണിക്കൂറിനുള്ളിൽ 30 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയതായും ദുരന്ത ഭൂമിയിൽ നിന്നും രക്ഷപെടുത്തിയവർക്ക് വേണ്ട ചികിത്സ നൽകി തുടങ്ങിയതായും മനോജ് പാണ്ഡെ പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമായും ഓപ്പറേഷൻ ദോസ്തിൽ ഉൾപ്പെട്ട മറ്റ് സംഘടനകളുമായും പ്രധാനമന്ത്രി സമയം ചിലവഴിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഡോഗ് സ്‌ക്വാഡും 151 പേരടങ്ങുന്ന മൂന്ന് ടീമുമാണ് ഇന്ത്യയിൽ നിന്ന് ദുരന്ത ഭൂമിയിലേക്ക് സഹായവുമായി പോയത്. ദുരന്ത നിവാരണ സേനാംഗങ്ങൾ 35 മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടു. ഉപകരണങ്ങളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും തുർക്കിയിലെത്തിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ കീഴിൽ മെഡിക്കൽ ക്യാമ്പുകളും തുർക്കിയിൽ തുടങ്ങിയിരുന്നു. കൂടാതെ തുർക്കിയിലെയും സിറിയയിലെയും ഏറ്റവും അധികം നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ 250-ൽ പരം സൈനികരെ വിന്യസിക്കുകയും ചെയ്തു.
















Comments