മുംബൈ: അതിർത്തി കടന്നുള്ള പണമിടപാടുകൾക്കായി ഇന്ത്യയും സിംഗപ്പൂരും പ്രമുഖ പണമിടപാട് സേവനങ്ങളായ യുപിഐയും പേനൗവും ലിങ്ക് ചെയ്തു. ഇതിലൂടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഫണ്ട് കൈമാറ്റം സാധ്യമാകും. ഇത്തരം ക്രോസ്-ബോർഡർ ട്രാൻസ്ഫർ ക്രമീകരണങ്ങൾ സാധാരണയായി പേയ്‌മെന്റുകളുടെ ചിലവും സമയവും കുറയ്‌ക്കുന്നു.
ഇരു രാജ്യങ്ങളിലെയും ആളുകൾക്ക് അവരുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഉടൻ തന്നെ കുറഞ്ഞ ചിലവിൽ പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സേവനത്തിന്റെ ആരംഭം കുറിക്കാനുള്ള ഒരു വെർച്വൽ പരിപാടിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പറഞ്ഞത്. കുടിയേറ്റ തൊഴിലാളികൾ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, അവരുടെ കുടുംബങ്ങൾ എന്നിവരെ ഈ പെയ്മന്റ് മാർഗ്ഗം പണമ്ടപാടുകൾ സുഗമമയി നടത്താൻ സഹായിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
യുപിഐ എന്നത് ഒരു തത്സമയ പേയ്‌മെന്റ് സംവിധാനമാണ്, ഇത് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ വെളിപ്പെടുത്താതെ തന്നെ ഒന്നിലധികം ബാങ്കുകളിലൂടെ പണം കൈമാറാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. അതുപോലെ, ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു ബാങ്കിൽ നിന്ന് മറ്റൊന്നിലേക്ക് സിംഗപ്പൂർ ഡോളർ ഫണ്ടുകൾ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയുന്ന സേവനമാണ് പേനൗ.
തുടക്കത്തിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിൽ നിന്നുള്ള ഇൻവേർഡ് റെമിറ്റൻസ് സുഗമമാക്കും. ആക്‌സിസ് ബാങ്കും ഡിബിഎസ് ഇന്ത്യയും ഇൻവേർഡ് റെമിറ്റൻസുകൾ ഉടൻ ആരംഭിക്കുമെന്നും റിസർവ് ബാങ്ക് (ആർബിഐ) പ്രസ്താവനയിൽ അറിയിച്ചു.
സിംഗപ്പൂർ ഉപയോക്താക്കൾക്ക്, ഡിബിഎസ്-സിംഗപ്പൂർ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ലിക്വിഡ് ഗ്രൂപ്പ് എന്നിവയിലൂടെ സേവനം ലഭ്യമാക്കും. കാലക്രമേണ കൂടുതൽ ബാങ്കുകളെ ലിങ്കേജിൽ ഉൾപ്പെടുത്തുമെന്നും ആർബിഐ അറിയിച്ചു. നിലവിൽ ഒരു ഇന്ത്യൻ ഉപയോക്താവിന് ഒരു ദിവസം 60,000 ഇന്ത്യൻ രൂപ ($725.16) വരെ അയയ്‌ക്കാം.
















Comments