ഗോഹട്ടി: പ്രധാനമന്ത്രി മോദി ഒപ്പിട്ട സമാധാന കരാറാണ് നാഗാലാൻഡിൽ വികസനം കൊണ്ടുവന്നതെന്നും അടുത്ത മൂന്ന് നാല് വർഷത്തിനുള്ളിൽ നാഗാലാൻഡിൽ ഉടനീളം വിവാദമായ സായുധ സേനയ്‌ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന നിയമം (അഫ്‌സ്പ) നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
നാഗാലാൻഡിന്റെ വടക്കുകിഴക്കൻ നഗരമായ ടുൻസാങ്ങിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ഷാ. നാഗാ സമാധാന ചർച്ചകൾ നടന്നുവരികയാണെന്നും വടക്കുകിഴക്കൻ സംസ്ഥാനത്ത് ശാശ്വത സമാധാനം കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്നു ഷാ കൂട്ടിച്ചേർത്തു.
ബിജെപി ഭരണത്തിന് കീഴിൽ വടക്കുകിഴക്കൻ മേഖലയിൽ അക്രമ സംഭവങ്ങളിൽ 70 ശതമാനം കുറവുണ്ടായെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. 2022 ഏപ്രിലിൽ, അസം, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിലെ നിരവധി ജില്ലകളിൽ നിന്ന് അഫ്‌സ്പ പിൻവലിക്കുന്നതായി ഷാ പ്രഖ്യാപിച്ചിരുന്നു. കലാപം അവസാനിപ്പിക്കുന്നതിനും വടക്കുകിഴക്കൻ മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെയും നിരവധി കരാറുകളുടെയും ഫലമായി മെച്ചപ്പെട്ട സുരക്ഷാ സാഹചര്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിന്റെയും ഫലമാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഫെബ്രുവരി 27ന് വോട്ടെടുപ്പ് നടക്കും. മാർച്ച് രണ്ടിന് വോട്ടെണ്ണും.
Comments