തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധി തട്ടിയെടുത്ത സംഭവത്തിൽ എല്ലാ ജില്ലകളിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം. വില്ലേജ് ഓഫീസുകളിലും അപേക്ഷകരുടെ വീട്ടിലും നേരിട്ട് പോയി പരിശോധിക്കുമെന്നും ഇത് സംഘടിതമായ തട്ടിപ്പാണെന്നും സർക്കാരിൽ നിന്ന് തന്നെ പരാതി ലഭിച്ചുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വിജിലൻസിന്റെ ഓപ്പറേഷൻ സിഎംഡിആർഎഫ് സംസ്ഥാന വ്യാപകമായി ഇന്നും നാളെയും പരിശോധന നടത്തുമെന്നും മനോജ് എബ്രഹാം അറിയിച്ചു. പരിശോധന കർശനമാക്കാൻ വിജിലൻസ് മേധാവി നിർദേശം നൽകികഴിഞ്ഞു.
വിജിലൻസ് സംഘം കലക്ടറേറ്റുകളിൽ നടത്തിയ പരിശോധനകളിൽ ഗുരുതര ക്രമക്കേടുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ക്രമക്കേടിന് പിന്നിൽ ഉദ്യോഗസ്ഥരും ഡോക്ടർമാരും ഇടനിലക്കാരും അടങ്ങുന്ന വൻശൃംഖല ഉണ്ടെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ. ഇതേത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാനാണ് വിജിലൻസ് ഡയറക്ടറുടെ നിർദേശം. ഓരോ വ്യക്തിയും നൽകിയിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉൾപ്പെടെ വിശദമായി പരിശോധിക്കണം. ഓരോ ജില്ലയിലും എസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമായിട്ടാകും രേഖകൾ പരിശോധിക്കുക.
എറണാകുളം ജില്ലയിൽ സമ്പന്നരായ രണ്ട് വിദേശ മലയാളികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 3 ലക്ഷം രൂപയും 45,000 രൂപയും ലഭിച്ചതായി കണ്ടെത്തി. ഇതിലൊരാൾക്ക് 2 ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ട്. ഭാര്യ അമേരിക്കയിൽ നഴ്സാണ്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഏജന്റ് നൽകിയ 16 അപേക്ഷകളിലും ദുരിതാശ്വാസനിധി സഹായം നൽകിയതായി കണ്ടെത്തി. കൊല്ലത്ത് മരിച്ചയാളുടെ പേരിലും ധനസഹായം തട്ടിയെടുത്തതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം നൽകിയത് അസ്ഥിരോഗ വിദഗ്ധനായ ഡോക്ടറാണ്.
കരുനാഗപ്പള്ളിയിൽ 14 സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടറുടേതാണ്. ഒരേ വീട്ടിലെ എല്ലാവർക്കും രണ്ടു ഘട്ടങ്ങളിലായി 4 സർട്ടിഫിക്കറ്റുകൾ ഈ ഡോക്ടർ 2 ദിവസങ്ങളിലായി വിതരണം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. കരൾ രോഗിയായ ഒരാൾക്ക് ചികിത്സാ സഹായം നൽകിയത് ഹൃദ്രോഗിയെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ്. കോട്ടയം മുണ്ടക്കയം സ്വദേശിക്ക് വിവിധ രോഗങ്ങൾക്കായി മൂന്നു തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിച്ചു. ഇവയ്‌ക്കെല്ലാം നൽകിയതാകട്ടെ കാഞ്ഞിരപ്പിള്ളിയിലെ അസ്ഥിരോഗ വിദഗ്ധന്റെ മെഡിക്കൽ സർട്ടിഫിക്കറ്റാണ്. പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ ഏകദേശം 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തി. കൊല്ലം ജില്ലയിൽ പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം ഒരു അസ്ഥിരോഗ വിദഗ്ധൻ നൽകിയതാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലെ ക്രമക്കേട് ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. തീക്കട്ടയിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണിതെന്നും പ്രത്യേക അന്വേഷണസംഘം വേണമെന്നും ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അവസ്ഥയാകുമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
Comments