കൊച്ചി: ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ സമൻസിന് മറുപടി നൽകാതെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ. കേസിൽ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് ഇഡി കഴിഞ്ഞ ദിവസം രവീന്ദ്രന് നോട്ടീസ് നൽകിയത്. 2020-ൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് സിഎം രവീന്ദ്രനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്ന് ബിജെപി അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം ലൈഫ് മിഷൻ കോഴ ഇടപാട് കേസിലെ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ 9 ദിവസമാണ് ഇഡി. ചോദ്യം ചെയ്തത്. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഇ.ഡി ആവശ്യപ്പെട്ടതനുസരിച്ച് നാലുദിവസം കൂടി ശിവശങ്കറിനെ കോടതി കസ്റ്റഡിയിൽ വിടുകയായിരുന്നു. കേസിൽ സ്വപ്ന സുരേഷുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ തന്റെ തന്നെയെന്ന് എം ശിവശങ്കർ സമ്മതിച്ചതായാണ് പുറത്തുവരുന്ന സൂചന.
എന്നാൽ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും ഗൗരവതരമാണെന്നാണ് ഇഡി കോടതിയിൽ അറിയിച്ചിരുന്നത്. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിൽ ശിവശങ്കറിനെ കലൂരിലെ പിഎംഎൽഎ കോടതിയിൽ ഇന്ന് ഉച്ചയോടെ ഹാജരാക്കി. ശിവശങ്കറിൽ നിന്ന് ലഭിച്ചിട്ടുള്ള തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ആണ് കേസിൽ സിഎം രവിന്ദ്രനെയും ഇഡി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ഇഡി നൽകിയ സി എം രവീന്ദ്രൻ ഇനിയും മറുപടി നൽകിയിട്ടില്ല.
ലൈഫ് മിഷൻ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചാറ്റുകൾ പുറത്ത് വന്നതോടെയാണ് സിഎം രവീന്ദ്രൻന്റെ പേര് വീണ്ടും ചർച്ചയായത്. നിലവിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രൻ കോഴിക്കോട് ജില്ലയിലെ പാർട്ടി കോട്ടയായ ഒഞ്ചിയം സ്വദേശിയാണ്. സാധാരണ പാർട്ടി പ്രവർത്തകനായാണ് പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് രവീന്ദ്രൻ പാർട്ടിയുടെ വിശ്വസ്തനായി. പ്രവർത്തന മണ്ഡലം തിരുവനന്തപുരത്തേക്ക് മാറ്റി. എൽഡിഎഫ് കൺവീനറായ പി വി കുഞ്ഞിക്കണ്ണന്റെ സഹായിയായാണ് 1980-കളിൽ രവീന്ദ്രൻ തിരുവനന്തപുരത്തേക്ക്് എത്തുന്നത്. പിന്നീടിങ്ങോട്ട് 40 വർഷത്തോളമായി വിവിധ സിപിഎം നേതാക്കളുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു സി എം രവീന്ദ്രൻ. തുടർന്ന് ഇത്തരം നിയമനങ്ങളിൽ ഏറ്റവുമൊടുവിലായാണ് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള സിഎം രവീന്ദ്രൻ സകല മാനദണ്ഡങ്ങളും മറികടന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദത്തിലേക്ക് എത്തിച്ചേർന്നത്.
Comments