അമൃത്സർ: ഖാലിസ്ഥാനികളുടെ ഭീഷണിയിൽ വഴങ്ങിയ പോലീസ് തൂഫാനെ വിട്ടയ്‌ക്കുമെന്ന വാഗ്ദാനം പാലിച്ചു. അമൃത്പാൽ സിംഗിന്റെ അനുയായി ലവ്പ്രീത് തൂഫാൻ അമൃത്സർ ജയിലിൽ നിന്നും പുറത്തിറങ്ങി. അജ്‌നാല പോലീസ് സ്‌റ്റേഷൻ ആക്രമണത്തിന് പിന്നാലെയാണ് നടപടി.
തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തിയായിരുന്നു ലവ്പ്രീതിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ‘വാരിസ് പഞ്ചാബ് ദേ’ യുടെ തലവൻ അമൃത്പാൽ സിംഗിന്റെ അനുയായികൾ പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചെത്തുകയായിരുന്നു. വാളും തോക്കുമേന്തി വന്ന സംഘത്തിലെല്ലാവരും ഖാലിസ്ഥാൻ അനുകൂലികളാണെന്നാണ് വിവരം. ഖാലിസ്ഥാന് വേണ്ടി വാദമുയർത്തുന്ന വിഘടനവാദി സംഘടനയാണ് വാരിസ് പഞ്ചാബ് ദേ.
തൂഫാനെ അറസ്റ്റ് ചെയ്യുന്നതിന് ആസ്പദമായ തട്ടിക്കൊണ്ടുപോകൽ നടക്കുമ്പോൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞതോടെയാണ് തൂഫാനെ വിട്ടയക്കാനുള്ള അനുവാദം മജിസ്‌ട്രേറ്റ് കോടതി നൽകിയത്.
കഴിഞ്ഞ ദിവസം തൂഫാനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നൂറുക്കണക്കിന് ഖാലിസ്ഥാൻ അനുകൂലികളായിരുന്നു അജ്‌നാല പോലീസ് സ്‌റ്റേഷനിൽ അഴിഞ്ഞാടിയത്. ആക്രമണത്തിൽ ആറോളം പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തൂഫാനെ 24 മണിക്കൂറിനുള്ളിൽ വിട്ടയക്കണമെന്നായിരുന്നു അക്രമികളുടെ ആവശ്യം. തുടർന്ന് ഇക്കാര്യം പോലീസ് അംഗീകരിച്ചതോടെയാണ് അക്രമി സംഘം പോലീസ് സ്‌റ്റേഷനിൽ നിന്നും പിൻവാങ്ങിയത്.
Comments