ന്യൂഡൽഹി : യുപിഐ ലൈറ്റ് എന്ന പുതിയ സേവനം അവതരിപ്പിച്ച് പേടിഎം. 200 രൂപ വരെയുള്ള ഇടപാടുകൾ ഒരു ടാപ്പിലൂടെ ഇതിൽ സാധ്യമാകും. നിലവിൽ യുപിഐ ലൈറ്റ് സേവനം ലഭ്യമാകുന്ന ഏക പ്ലാറ്റ്‌ഫോം പേടിഎം ആണ്. യുപിഐ ലൈറ്റിലൂടെ ഉപയോക്താക്കൾക്ക് ഒന്നിലധികം ഇടപാടുകൾ പിൻ നമ്പർ ഉപയോഗിക്കാതെ നടത്തുവാൻ സാധിക്കും.
ഇന്ത്യയിലുടനീളം ഡിജിറ്റൽ പെയ്‌മെന്റുകൾ പ്രാവർത്തികമാക്കുക എന്ന ലക്ഷ്യമാണ് യുപിഐ ലൈറ്റിലൂടെമുന്നോട്ട് വയ്‌ക്കുന്നത്. കൂടുതൽ ഇടപാടുകൾ നടക്കുന്ന സമയങ്ങളിലും യുപിഐ ലൈറ്റ് പെയ്‌മെന്റുകൾ പരാജയപ്പെടാതെ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് പേടിഎം അറിയിച്ചു. ഇതിലൂടെ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ഒരു മണി ട്രാൻസ്ഫർ എൻട്രി മാത്രമേ രേഖപ്പെടുത്തുകയുള്ളു. തലേദിവസം നടത്തിയ യുപിഐ ഇടപാടുകളുടെ ലിസ്റ്റ് തൊട്ടടുത്ത ദിവസം എസ്എംഎസ് ആയി ഉപയോക്താവിന് ലഭിക്കും.
കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഉത്കർശ് സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നിവയുൾപ്പടെ നിലവിൽ ഒമ്പത് ബാങ്കുകളിലാണ് യുപിഐ ലൈറ്റ് സേവനം ലഭ്യമാകുക. ഉപയോക്താക്കൾക്ക് തടസ്സമില്ലാതെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് കമ്പനി മുന്നോട്ട് വയ്‌ക്കുന്നത്.
















Comments