അശ്വിൻ ഇലന്തൂർ
നവോത്ഥാന ലോകത്തിന് കേരളത്തിന്റെ സംഭവനയാണ് മന്നത്ത് പത്മനാഭൻ. കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാന ചരിത്രത്തിൽ ഒഴിച്ചു നിർത്താൻ സാധിക്കാത്ത പേരുകളിൽ ഒന്നാണ് മന്നത്തിന്റെത്. ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ 1878 ജനുവരി 2-നാണ് മന്നത്ത് പത്മനാഭന്റെ ജനനം. ഹൈന്ദവ ഏകീകരണം എന്നത് വിദൂര സ്വപ്നമായിരുന്ന കാലത്ത് അതിനായി സദാ പ്രയത്നിച്ച മന്നത്ത് പത്മനാഭൻ, ഗാന്ധിജിയുടെ നിർദ്ദേശത്തെ തുടർന്ന് വൈക്കം സത്യാഗ്രഹത്തിൽ അവർണ്ണർക്ക് പിന്തുണയേകിക്കൊണ്ട് തിരുവനന്തപുരത്തേക്ക് പദയാത്ര നയിച്ചു. കൊടുമ്പിരികൊണ്ട ജാതീയതക്കെതിരെ ശക്തമായ സന്ദേശവും പ്രതിരോധവും തീർത്തുകൊണ്ട് സവർണജാഥയുമായി സമൂഹത്തിലേക്ക് കടന്നുവന്ന മന്നത്ത് കേരള സാമൂഹിക രാഷ്‌ട്രീയ ചരിത്രത്തിൽ സ്വന്തമായ സ്ഥാനം നേടിയേടുത്തു.
ആശാൻ പള്ളിക്കൂടത്തിൽ ആരംഭിച്ച പഠനം പണമില്ലാത്തതിനെ തുടർന്ന് നാലാം ക്ലാസിൽ അവസാനിപ്പിച്ചെങ്കിലും കൈയ്യക്ഷരം നന്നാക്കുവാൻ പ്രവൃത്തികച്ചേരിയിൽ പോയി തമിഴും മലയാളവും പഠിച്ചു. 15-ാം വയസ്സിൽ വീണ്ടും സർക്കാർ പള്ളിക്കൂടത്തിൽ ചേർന്നു. വീട്ടിലെ ബുദ്ധിമുട്ടുമൂലം താലൂക്ക് കച്ചേരിയിൽ പോയി ഹർജി എഴുതിക്കൊടുത്ത് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1075-ൽ സ്‌കോളർഷിപ്പോടെ തിരുവനന്തപുരത്ത് സർക്കാർ ട്രയിനിംഗ് സ്‌കൂളിൽ പഠിക്കാൻ അവസരം ലഭിച്ചു. ഉയർന്ന മാർക്കോടുകൂടി വിജയിച്ചു. അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും പിന്നീട് പല സ്‌കൂളുകളിലേയും പ്രധാന അദ്ധ്യാപകനായി. തുടർന്ന് 1905-ൽ സ്വപ്രയത്നത്താൽ അഭിഭാഷകനുമായി.
കേരളത്തിലെ നായർ സമുദായത്തിന് കൃത്യമായ ലക്ഷ്യബോധം സൃഷ്ടിക്കുന്നതിനായി സ്ഥാപിച്ച നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായും പ്രസിഡന്റൊയും പ്രവർത്തിച്ചു. സമുദായത്തിന്റെ മാർഗദർശിയായി തുടർന്ന 31 വർഷകാലം സമൂഹത്തിലെ വിവിധ പ്രശ്നങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തു. ഗുരുവായൂർ സത്യാഗ്രഹം, സവർണജാഥ എന്നിവയും മന്നത്തിന്റെ സംഘാടന മികവിന്റെ തെളിവാണ്. 1970 ഫെബ്രുവരി 25ന് അന്തരിച്ച മന്നത്ത് പത്മനാഭന്റെ പ്രഭാവം ഇന്നും സമൂഹത്തിൽ നിറഞ്ഞനിൽക്കുകയാണ്.
ആർഎസ്എസിന്റെ ദ്വിതീയ സർസംഘചാലകായിരുന്ന ഗുരുജി ഗോൾവാൾക്കാർ പങ്കെടുത്ത ചടങ്ങിൽ മന്നം പങ്കെടുത്തു സംസാരിച്ചിരുന്നു. ആർഎസ്എസ് എറണാകുളം ശാഖാ വാർഷികത്തിലാണ് മന്നം പങ്കെടുത്തത്. ഗാന്ധി വധത്തിന്റെ പേരിൽ ആർഎസ്എസ് പ്രതികൂട്ടിൽ നിൽക്കുന്ന സമയത്തും മന്നം ശക്തമായ വാക്കുകളിൽ സംഘത്തെ അനുകൂലിച്ചിരുന്നു. ‘ഹിന്ദുക്കളുടെ ആലംബവും ആശാകേന്ദ്രവും ആർഎസ്എസ്’ എന്ന റിപ്പോർട്ട് 1957-ൽ കേസരിയിൽ പ്രസിദ്ധികരിച്ചിരുന്നു. കേരളത്തിൽ അധികാരമേറ്റ ഇഎംഎസ് മന്ത്രിസഭ സെൽ ഭരണത്തിലൂടെ കൊടിയമർദ്ദനങ്ങൾ അഴിച്ചുവിട്ടപ്പോൾ ശക്തമായ സമരങ്ങളിലുടെ സർക്കാരിനെതിരെ വിമോചന സമരം നയിക്കുകയും സർക്കാരിനെ താഴെയിറക്കുകയും ചെയ്തു.
സജീവമായി സംഘടന ചുമതലകളിൽ പ്രവർത്തിക്കുന്നതിനിടെയിൽ 1970 ഫെബ്രുവരി 25-ലാണ് മന്നത്ത് പത്മനാഭനെ മരണം കവർന്നെടുക്കുന്നത്. ആ മഹാമനീഷി നമ്മെ വിട്ട് പിരിഞ്ഞിട്ട് 53 കൊല്ലങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം മുന്നോട്ട് വച്ച ആശയങ്ങളും ആദർശങ്ങളും ഇന്നും സമൂഹത്തിൽ പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ കേരള സമൂഹം ഉണർന്നതിന്റയും ഉയർന്നതിന്റെയും പിന്നിലെ പേരുകളിൽ നിന്നും മന്നത്തിന്റെ പേര് മാറ്റി നിർത്താൻ സാധിക്കില്ല. സാമൂഹിക പരിഷ്‌കർത്താവും കേരളത്തിന്റെ നവോത്ഥാനപ്രവർത്തനങ്ങളുടെ ശക്തനായ പ്രവർത്തകനുമായ അദ്ദേഹത്തെ ഭാരത കേസരി സ്ഥാനം, പത്മഭൂഷൺ എന്നിവ നൽകി ഭാരതം ആദരിച്ചു. നവോത്ഥന ലോകത്തിന് കേരളത്തിന്റെ സംഭാവനയായ മന്നത്ത് പത്മനാഭന്റെ 53-ാം സമാധിദിനത്തിൽ അനന്തകോടി പ്രണാമങ്ങൾ.
















Comments