ന്യൂഡൽഹി : പ്രശസ്ത ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാർട്ടിൽ 5,000 ജീവനക്കാർക്ക് ഈ വർഷം ശമ്പള വർദ്ധനവില്ല. ഗ്രേഡ് 10-ലും അതിനു മുകളിലുള്ള വിഭാഗത്തിലെ ജീവനക്കാർക്കുമാണ് ഇത് സംബന്ധിച്ച് മെയിൽ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കമ്പനി ജീവനക്കാരിൽ 70 ശതമാനം ആളുകൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ മുമ്പ് പറഞ്ഞിരിക്കുന്നതനുസരിച്ച് ബോണസിലും സ്‌റ്റോക്ക് ഓപ്ഷൻ അലോക്കേഷനിലും മാറ്റങ്ങൾ വരുത്തില്ലെന്നും കമ്പനി വ്യക്തമാക്കി. ഫ്‌ളിപ്കാർട്ട് ഇതിനോടകം തന്നെ പ്രതിവാർഷിക വിലയിരുത്തലുകൾ പൂർത്തീകരിച്ചു. ശമ്പള വർദ്ധനവ് ഏപ്രിൽ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. മണി കൺട്രോൾ റിപ്പോർട്ടുകൾ പ്രകാരം ഫ്‌ളിപ്കാർട്ടിലെ മുതിർന്ന ജീവനക്കാർക്കും ഈ വർഷം ശമ്പള വർദ്ധനവ് ഉണ്ടാകില്ല.
പല ടെക് കമ്പനികളും ലാഭം വർദ്ധിപ്പിക്കുന്നതിനായി ചെലവ് കുറയ്‌ക്കൽ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഫ്‌ളിപ്കാർട്ടിന്റെ പുതിയ നീക്കം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മെറ്റ, ട്വിറ്റർ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങി നിരവധി കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.അടിക്കടി കമ്പനികൾ സ്വീകരിക്കുന്ന പിരിച്ചുവിടൽ ഉൾപ്പടെയുളള നീക്കങ്ങളിൽ ജീവനക്കാർ ആശങ്കയിലാണ്.
Comments