ആറ്റുകാലമ്മ ആദി പരാശക്തിയാണ്. ശാക്തേയ ഹൈന്ദവ സങ്കൽപ്പങ്ങളിൽ പ്രധാന ദൈവസങ്കൽപ്പമാണ് ആദി പരാശക്തി. മാതൃഭാവത്തിലുള്ള ശ്രീഭദ്രകാളിയാണ് ആറ്റുകാലിൽ കുടികൊള്ളുന്ന സർവ്വേശ്വരി. മറ്റ് ക്ഷേത്ര സമ്പ്രദായങ്ങൽ നിന്നും തികച്ചും വ്യതിരിക്തമാണ് ഈ മഹാക്ഷേത്രത്തിലെ ഓരോ ചടങ്ങുകളും. സാധാരണ ക്ഷേത്രങ്ങളിൽ കൊടിയേറ്റത്തൊടെയാണ് ഉത്സവത്തിന് ശുഭാരംഭം കുറിക്കുന്നത്. അതേസമയം ആറ്റുകാലിൽ നടക്കുന്ന ചടങ്ങാണ് കാപ്പുകെട്ട്.
കുഭമാസത്തിലെ കാർത്തിക നാളിലാണ് അമ്മയുടെ ഉത്സവം സമാരംഭിക്കുന്നത്. പൊങ്കാലയ്‌ക്ക് ഒൻപത് നാൾ മുൻപാണിത്. കൊടങ്ങല്ലൂർ ഭഗവതിയുമായി ബന്ധപ്പെട്ടതാണ് കാപ്പുകെട്ടൽ ചടങ്ങ്. ക്ഷേത്രത്തിന് മുന്നിൽ പച്ച ഓലകൊണ്ട മറച്ച് കെട്ടി അവിടെയാണ് ചടങ്ങിന്റെ ഭാഗമായ തോറ്റം പാട്ട് നടക്കുന്നത്. കണ്ണകി ചരിതത്തെ അടിസ്ഥാനമാക്കിയുള്ള തോറ്റം പാട്ടിലൂടെയാണ് കാപ്പുകെട്ടിന് ആരംഭം കുറിക്കുന്നത്.
തോറ്റംപാട്ടിന്റെ തുടക്കത്തിൽ കൊടുങ്ങല്ലൂർ ഭഗവതിയുടെ വരവിനായി ആശാനും ഭക്തരും പ്രാർത്ഥിക്കുന്നു. തോറ്റത്തിനിടയിൽ ആശാൻ ഒറ്റക്കണിലൂടെ ശ്രീകോവിലിലേയ്‌ക്ക് നോക്കും. സവിശേ മുഹുർത്തത്തിൽ് ശ്രീകോവിലിനുള്ളിലേയ്‌ക്ക് ഒരു ദിവ്യപ്രകാശം പ്രവേശിച്ചതായി കണ്ടാൽ കൊടുങ്ങല്ലൂർ ഭഗവതി വന്നതായി ആശാൻ പാട്ടിലൂടെ തന്നെ അറിയിക്കും.
ഇതറിയുന്ന നിമിഷം ദേവീസ്തുതിയും നാമജപവും കുരവയും കൊണ്ട് ക്ഷേത്രാന്തരീക്ഷം മുഖരിതമാകും. കൂട്ടക്കതിനവെടിയും മുഴക്കും. ശേഷമാണ് അതിപ്രധാനമായ ചടങ്ങ് നടക്കുന്നത്. ശേഷം ആറ്റുകാൽ ഭഗവതിയുടെ ഉടവാളിലേയ്‌ക്ക് ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂർ ഭഗവതിയെ ആവാഹിക്കുന്നു. ഇതിനുശേഷം ഉടവാളിൽ പഞ്ചലോഹം കൊണ്ടുള്ള ഒരുമോതിരം (കാപ്പ്) ബന്ധിക്കും. ഇതേസമയം മറ്റൊന്ന് മേൽശാന്തി ധരിക്കുകയും, ഒപ്പം ഒരു നേര്യത് കിരീടം പോലെ ഞൊറിഞ്ഞ് മൂലവിഗ്രഹത്തിൽ ധരിപ്പിക്കുകയും ചെയ്യും. ഇതാണ് കാപ്പുകെട്ട്.
കാപ്പുകെട്ട് പോലെ സവിശേഷമാണ് കാപ്പഴിക്കൽ ചടങ്ങും. അമ്മയെ ആചാരവിധികളോടെ കൊടുങ്ങല്ലൂരിൽ എത്തിക്കുന്ന ചടങ്ങാണ് കാപ്പഴിക്കൽ. പിറ്റേദിവസം ശുഭമുഹൂർത്തത്തിൽ കാപ്പഴിക്കൽ ചടങ്ങ് നടക്കും. കാപ്പഴിക്കുന്നതിനു മുൻപ് സകല ചരാചരങ്ങൾക്കും ഐശ്വര്യവും സമൃദ്ധിക്കും വേണ്ടിയുള്ളതാണ് പൊലിപ്പാട്ട് നടക്കും.
ഇതേസമയം ക്ഷേത്രം തന്ത്രി ആറ്റുകാൽ ഭഗവതിയുടെ ഉടവാളിൽ ബന്ധിച്ചു വച്ച കാപ്പ്( മോതിരം) അഴിച്ചു മാറ്റുന്നു. ഒപ്പം മേൽശാന്തിയുടെ കയ്യിൽ നിന്നും കാപ്പ് അഴിക്കും. പിന്നെ തന്ത്രി ദേവിയുടെ മൂലവിഗ്രഹത്തിൽ ഞൊറിഞ്ഞിട്ട നേര്യത് അഴിച്ച് ആചാരപ്രകാരം മടക്കി, കാപ്പുകൾ സഹിതം ആശാനെ ഏല്പിക്കുന്നു. അങ്ങനെ കാപ്പഴിക്കൽ ചടങ്ങ് അവസാനിക്കും.
Comments